ശബരിമല കലുഷിതമാക്കാൻ വീണ്ടും നീക്കം; 40 സ്ത്രീകളെ എത്തിക്കാൻ തമിഴ്‌നാട്ടിലെ ഹൈന്ദവസംഘടനയുടെ പദ്ധതിയെന്ന് പൊലീസിന്‍റെ രഹസ്യറിപ്പോർട്ട്

Jaihind Webdesk
Thursday, December 6, 2018

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് വനിതാ മതിൽ സംഘടിപ്പിക്കാനുള്ള സർക്കാരിന്‍റെ നീക്കം വിവാദമാകുന്നതിനിടെ പൂങ്കാവനത്തെയും എരുമേലി വാവരുപള്ളിയെയും കലുഷിതമാക്കാൻ വീണ്ടും നീക്കം. ശബരിമലയിലേക്ക് അമ്പതുവയസ് തികയാത്ത 40 സ്ത്രീകളെ എത്തിക്കാൻ തമിഴ്‌നാട്ടിലെ ഹൈന്ദവസംഘടനയുടെ പദ്ധതി തുറന്നു കാട്ടുന്ന പൊലീസിന്‍റെ രഹസ്യ റിപ്പോർട്ടാണ് നിലവിൽ പുറത്തു വന്നിട്ടുള്ളത്. നിലയ്ക്കലിലെയും പമ്പയിലെയും സന്നിധാനത്തെയും സ്‌പെഷ്യൽ പോലീസ് ഓഫീസർമാർക്കും പത്തനംതിട്ട, കോട്ടയം എസ്.പിമാർക്കുമാണ് പോലീസ് ദക്ഷിണമേഖലാ എ.ഡി.ജി.പി. അനിൽകാന്ത് രഹസ്യറിപ്പോർട്ട് നൽകിയത്. സംഘടനയെയും നേതാക്കളെയും കുറിച്ചുള്ള വിവരങ്ങളും അതിലുണ്ട്.

എരുമേലി വാവരുപള്ളിയിലെ പ്രാർഥനാലയത്തിൽ കടക്കുകയാണ് യുവതികളുടെ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. സന്നിധാനത്ത് പ്രവേശിക്കാൻ ശ്രമിച്ചേക്കാമെന്നും സൂചനയുണ്ട്. ഹിന്ദു മക്കൾ കക്ഷി എന്ന സംഘടനയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്‍റ് അർജുൻ സമ്പത്ത്, തിരുവള്ളൂർ ജില്ലാ പ്രസിഡന്‍റ് സോമു രാജശേഖർ എന്നിവരാണ് നേതൃത്വം നൽകുന്നത്. ഒന്നാംഘട്ടമായി 40 പേരെ അയയ്ക്കുമെന്നാണ് കുറിപ്പിലുള്ളത്. ഇതുസംബന്ധിച്ച് പൊലീസ് തികഞ്ഞ ജാഗ്രതപുലർത്തണമെന്നും തുടർനടപടികൾ സ്വീകരിക്കണമെന്നും സുരക്ഷാച്ചുമതലയുള്ള ഉന്നത പോലീസുദ്യോഗസ്ഥർക്ക് എ.ഡി.ജി.പി. നിർദേശം നൽകി. ഒന്നിലേറെ ഹൈന്ദവസംഘടനകൾ ഇത്തരത്തിൽ നീക്കംനടത്തുന്നതായി പോലീസിന് സംശയമുണ്ട്.

യുവതീപ്രവേശ വിഷയത്തിലേക്ക് എരുമേലി വാവരുപള്ളിയെക്കൂടി വലിച്ചിഴയ്ക്കുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കും എന്നാണ് വിലയിരുത്തൽ. യുവതികൾ എപ്പോൾ വരുമെന്നോ എന്നാവും ദർശനത്തിന് മുതിരുകയെന്നോ എ.ഡി.ജി.പി നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. നിലവിൽ യുവതീപ്രവേശനത്തിനെതിരെ ആർ.എസ്.എസ് – സംഘപരിവാർ അനുകൂല സംഘടനകൾ സമരം നടത്തുന്നതിനിടെയാണ് തമിഴ്‌നാട്ടിലെ ഹൈന്ദവ സംഘടനയിൽ നിന്നും ഇത്തരത്തിലൊരു നീക്കമുണ്ടാവുന്നത്.

ശബരിമലയെ മുൻനിർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തണമെന്ന ബി.ജെ.പി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ യുവമോർച്ചാ യോഗത്തിലെ പ്രസംഗം വിവാദമായിരുന്നു. യുവതീപ്രവേശന വിഷയം ചൂണ്ടിക്കാട്ടി ആർ.എസ്.എസ് നടത്തിയ അഴിഞ്ഞാട്ടവും ഭക്തർക്കിടയിൽ അവമതിപ്പുണ്ടാക്കിയിരുന്നു. ഇതിനിടെ ഒരു ഹൈദൈവസംഘടന തന്നെ ശബരിമലയിലേക്ക് യുവതികളെ എത്തിക്കുന്നുവെന്ന വസ്തുത പുറത്തുവന്നതോടെ, വിഷയത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിയേക്കും.