‘പ്രധാനമന്ത്രിയേയും ശാസ്ത്രജ്ഞരെയും വിശ്വാസമില്ലാത്ത മുസ്‌ലീങ്ങള്‍ക്ക് പാകിസ്ഥാനിലേക്ക് പോകാം’ : വിദ്വേഷ പരാമർശവുമായി ബി.ജെ.പി എം.എല്‍.എ

Jaihind News Bureau
Wednesday, January 13, 2021

 

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയെയും ശാസ്ത്രജ്ഞരെയും വിശ്വാസമില്ലാത്ത മുസ്‌ലീങ്ങള്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് ബി.ജെ.പി എം.എല്‍.എ സംഗീത് സോം. കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് മറുപടി പറയുന്നതിനിടെയായിരുന്നു ബി.ജെ.പി എം.എല്‍.എയുടെ വിദ്വേഷ പരാമർശം.

‘നിര്‍ഭാഗ്യവശാല്‍ ചില മുസ്‌ലീങ്ങള്‍ക്ക് രാജ്യത്തെ ശാസ്ത്രജ്ഞരേയും പൊലീസിനേയും വിശ്വാസമില്ല. അവര്‍ക്ക് പ്രധാനമന്ത്രിയേയും വിശ്വാസമില്ല. അവര്‍ക്ക് പാകിസ്ഥാനെയാണ് വിശ്വാസമെങ്കില്‍ അങ്ങോട്ട് പോയ്‌ക്കോട്ടെ’ – സംഗീത് സോം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കൊവിഡ് വാക്‌സിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി നേതാക്കള്‍ ഇത് ബി.ജെ.പി വാക്‌സിനാണെന്നും സ്വീകരിക്കില്ലെന്നും അറിയിച്ച് രംഗത്തെത്തിയിരുന്നു.

മുമ്പും മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയിട്ടുള്ള ആളാണ് സംഗീത് സോം. അറുപതിലേറെ പേർ കൊല്ലപ്പെട്ട മുസഫര്‍ നഗര്‍ കലാപത്തിലെ പ്രതിപ്പട്ടികയിലും സോം ഉള്‍പ്പെട്ടിട്ടുണ്ട്. 2013 സെപ്റ്റംബറിലാണ് മുസഫർ നഗർ കലാപം ഉണ്ടായത്.