യുഎഇയിലേക്ക് പോകാന്‍ പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേരുള്ളവര്‍ നേരിട്ട ബുദ്ധിമുട്ടിന് പരിഹാരം : പാസ്‌പോര്‍ട്ടിന്‍റെ അവസാന പേജില്‍ പിതാവിന്‍റെയോ കുടുംബത്തിന്‍റെയോ പേര് മതിയെന്ന് വിശദീകരണം ; ആശ്വാസം !

ദുബായ് : യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേരുള്ളവര്‍ നേരിട്ട ബുദ്ധിമുട്ടിന് ആശ്വാസമാകുന്നു. ഇപ്രകാരം, പാസ്‌പോര്‍ട്ടിന്‍റെ അവസാന പേജില്‍ പിതാവിന്‍റെ പേരോ കുടുംബ പേരോ ഉള്ളവര്‍ക്ക് യുഎഇ വീസ അനുവദിക്കും. ഇതുസംബന്ധിച്ച് വിവരം യുഎഇ നാഷനല്‍ അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ അറിയിച്ചതായി എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി.

പാസ്‌പോര്‍ട്ടില്‍ അവസാന പേജില്‍ പരാമര്‍ശിച്ചിരിക്കുന്ന പിതാവിന്‍റെയോ കുടുംബത്തിന്‍റെയോ പേര് , ഇനി യുഎഇ വീസ അനുവദിക്കുന്നതിന് സ്വീകാര്യമാണ്. പാസ്പോര്‍ട്ടില്‍ ഒരു പേര് മാത്രമേയുള്ളൂവെങ്കിലും പാസ്‌പോര്‍ട്ടിന്‍റെ രണ്ടാമത്തെ പേജില്‍ പിതാവിന്‍റെ പേരോ കുടുംബ പേരോ ഉണ്ടെങ്കില്‍ ഈ പ്രതിസന്ധി പരിഹരിക്കപ്പെടും. സിംഗിള്‍ നെയിം അഥവാ ഒറ്റപ്പേര് പാസ്‌പോര്‍ട്ടിലുള്ളവര്‍ക്ക് , യുഎഇ സന്ദര്‍ശക-ടൂറിസ്റ്റ് വീസ അനുവദിക്കില്ലെന്ന് യുഎഇ നാഷനല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേരുള്ള മലയാളികളടക്കം ഒട്ടേറെ പേര്‍ ഇതോടെ ആശങ്കയിലായിരുന്നു. ഇവരില്‍ ഇതിനകം സന്ദര്‍ശക വീസ ലഭിച്ചവരുമുണ്ട്. പലരെയും വിമാനത്താവളങ്ങളില്‍ നിന്ന് മടക്കി അയക്കുകയും ചെയ്തിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതോടെ, ദിവസങ്ങളായി നീണ്ട വലിയ ആശങ്കയ്ക്ക് താല്‍ക്കാലികമായെങ്കിലും പരിഹാരമായി. എന്നാല്‍, താമസ വീസകാര്‍ക്ക് ഒറ്റപ്പേര് വിഷയം ബാധകമല്ലായിരുന്നു.

Comments (0)
Add Comment