സിദ്ധു ഇമ്രാന്‍ഖാന് കത്തെഴുതി; ഇരുരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നു

Jaihind Webdesk
Thursday, February 28, 2019

പാകിസ്ഥാനുമായി സമാധാനചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്ത് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് കാബിനറ്റ് മന്ത്രിയുമായ നവജോത് സിങ് സിദ്ധു. വ്യാഴാഴ്ച്ച ഇതുസംബന്ധിച്ച് അദ്ദേഹം ഇമ്രാന്‍ഖാന് കത്തയച്ചു. നമുക്ക് മാര്‍ഗ്ഗങ്ങളുണ്ട് എന്ന തലക്കെട്ടിലാണ് സിദ്ധുവിന്റെ കത്ത് ആരംഭിക്കുന്നത്.

“അതിര്‍ത്തിയുടെ ഇരുഭാഗത്തമുള്ള യുദ്ധന്ത്രജ്ഞര്‍ രൂക്ഷമായ സാഹചര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ട്. മറ്റൊരാള്‍ക്ക് ദുരന്തമുണ്ടാക്കുന്നതിനെക്കുറിച്ചും പ്രതിരോധത്തിലൂടെ സംരക്ഷിക്കപ്പെടുമെന്നുമാണ് അവര്‍ കരുതുന്നത്. എന്നാല്‍ ആ ഒരു ചിന്ത മരീചിക മാത്രമാണ്’ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭീതി ഇന്ന് ക്ഷണിക്കപ്പെടാത്ത അതിഥിയായി നമുക്കിടയില്‍ എത്തിയിരിക്കുകയാണ്. ഭീകരവാദത്തിന്റെ ഭീതി, മരണഭീതി, വികാരധ്വംസനത്തിന്റെ ഭീതി. മറ്റുള്ളവര്‍ക്ക് അപകടം വരുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ എളുപ്പമാണ് എന്നാല്‍ അത് നമ്മെ സുരക്ഷിതരാക്കുന്നില്ല.

ഞാന്‍ എന്റെ രാജ്യത്തിനുവേണ്ടി നിലകൊള്ളുന്നു. ഞാന്‍ ഒരു സ്വാതന്ത്രസമര സേനാനിയുടെ മകനാണ്. എന്റെ രാജ്യസ്‌നേഹമാണ് എന്റെ ധൈര്യം. യുദ്ധഭീതിയില്‍ നിന്ന് മോചിതനായി നില്‍ക്കുകയെന്നതാണ് എന്റെ നയം – സിദ്ധു പറയുന്നു. ഏതാനും ചിലരുടെ പ്രവൃത്തിയുടെ പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ല.

ചര്‍ച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും മാത്രമേ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂവെന്നും കത്തില്‍ സിദ്ധു ഓര്‍മ്മിപ്പിക്കുന്നുണ്ട്. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം സമാധാനവും പുരോഗതിയും വികസനവുമാണ്. അല്ലാതെ തൊഴിലില്ലായ്മയും വിദ്വാഷവും ഭായവുമല്ലായെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്. നവ്‌ജോത് സിങ് സിദ്ധുവിന്റെ കത്ത് ഇന്ത്യയുമായി ചര്‍ച്ചക്ക് വഴിയൊരുക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.