സോളാര്‍ കേസ് ; സംസ്ഥാന പൊലീസിന്‍റെ ഒത്താശയില്ലാതെ പ്രതി ഡല്‍ഹിയിലെത്തിയതെങ്ങനെ ? ദുരൂഹത

 

ഒമ്പത് ക്രിമിനല്‍ കേസുകളില്‍ ജാമ്യമില്ലാ വാറണ്ട് നിലനില്‍ക്കുന്ന സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും പീഡനക്കേസിലെ പരാതിക്കാരിയുമായ വ്യക്തി ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് എത്തി മൊഴി നല്‍കിയെന്ന വാദത്തില്‍ ദുരൂഹത. സി.ബി.ഐ ആവശ്യപ്പെട്ട പ്രകാരമാണ് എത്തിയതെന്നും നടപടിക്രമങ്ങള്‍ രണ്ടുമൂന്ന് ദിവസങ്ങള്‍ കൂടി തുടരുമെന്നുമാണ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പ് സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. സോളാര്‍ തട്ടിപ്പ് കേസ്  പ്രതിയായ പരാതിക്കാരിക്കെതിരെ ജാമ്യമില്ലാ വാറണ്ടുകളെക്കുറിച്ച് പോലീസന്വേഷണം എങ്ങുമെത്തിയിട്ടില്ല.

മലപ്പുറം മുതല്‍ പത്തനംതിട്ട വരെയുള്ള മജിസ്ട്രേറ്റ് കോടതികളാണ്  ഇവര്‍ക്കെതിരെ  ജാമ്യമില്ലാ വാറണ്ടുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള വാറണ്ടുകളുമുണ്ട്. കേസുകളില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കി കോടതികള്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഈ വാറണ്ടുകള്‍ നിലനില്‍ക്കവെയാണ്  സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച്  ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയത്.  ഈ കേസിലെ മുഖ്യ പ്രതിയായ ഇവര്‍ക്കെതിരെ  കേസെടുത്തെങ്കിലും  ഇതുവരെ ഇവരെ ചോദ്യം ചെയ്യാനോ, അറസ്റ്റ് രേഖപ്പെടുത്താനോ  പൊലീസ് തയ്യാറായിട്ടില്ല. സംസ്ഥാന പൊലീസിന്റെ ഒത്താശയില്ലാതെ എങ്ങനെയാണ് വാറണ്ട് കേസിലെ പ്രതി അതിര്‍ത്തിവിട്ട് പോകുന്നത് എന്ന ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

 

 

 

 

 

 

Comments (0)
Add Comment