സന്നദ്ധ സേവനത്തിനായി സമൂഹം മുന്നിട്ടിറങ്ങണം: തെന്നല ബാലകൃഷ്ണപിള്ള

Jaihind Webdesk
Tuesday, June 1, 2021

 

കൊച്ചി: കൊവിഡ് കാലം സേവന സന്ദർഭമായി കണക്കാക്കി പരമാവധി പേരെ സഹായിക്കാൻ സമൂഹം തയ്യാറാകണമെന്ന് മുൻ കെ.പി.സി.സി പ്രസിഡൻ്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഓൺലൈനിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

മഹാത്മാഗാന്ധിയുടെ ആദർശങ്ങളിൽ വിശ്വസിച്ച് കൊണ്ട് അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നമ്മളിൽ നിന്ന് ഉണ്ടാകണം. സഹായം ആവശ്യമുള്ളവർക്ക് അത് കൊടുക്കാൻ നാം തയ്യാറാകണം. അവരവരുടെ പ്രദേശത്ത് അവരവർക്ക് ചെയ്യാൻ കഴിയുന്ന രീതിയിലുള്ള സേവനമാണ് നൽകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരള പ്രദേശ് ഗാന്ധിദർശൻ വേദിയിൽ അംഗമാകുന്നതിനായി സംസ്ഥാന കമ്മിറ്റി നൽകിയിട്ടുള്ള ഗൂഗിൾ ഫോം ഓൺലൈനിലൂടെ പൂരിപ്പിച്ച് സമർപ്പിക്കണം. സാധാരണ അംഗത്വത്തിന് 100 രുപയും ആജീവനാന്ത അംഗത്വത്തിന് 2500 രൂപയും സംഘടനയുടെ അക്കൗണ്ടിൽ അടച്ച് ജില്ലാ കമ്മിറ്റിയുടെ ശുപാർശയോടെ സംസ്ഥാന കമ്മിറ്റിയ്ക്ക് നൽകിയാൽ അംഗത്വ നമ്പർ ലഭിക്കും. ഓൺലൈൻ സംവിധാനങ്ങളിലൂടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. മെമ്പർഷിപ്പ് ക്യാമ്പയിൻ ജൂലൈ 31 ന് അവസാനിക്കും.

ഡോ :എം.സി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ :നെടുമ്പന അനിൽ ,ഡോ :അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത്, ഡോ: എഡ്വർഡ് എടേഴത്ത്, വട്ടിയൂർക്കാവ് രവി, നടുക്കുന്നിൽ വിജയൻ, പി.മോഹനകുമാരൻ, ടി.ജെ പീറ്റർ, ഡോ: പി.വി.പുഷ്പജ, അഡ്വ: ജി. മനോജ് കുമാർ,
സുരേഷ് ബാബു ഇളയാവൂർ, ഇക്ബാൽ വലിയ വീട്ടിൽ, ബേപ്പൂർ രാധാകൃഷ്‌ണൻ, ടി.ജെ മാർട്ടിൻ, ബിനു ചെക്കാലയിൽ, എം.പി സന്തോഷ് കുമാർ, രജനി പ്രദീപ്, പ്രസന്നൻ ഉണ്ണിത്താൻ, പ്രൊഫ: വി.എ വർഗ്ഗീസ്, മാമ്പുഴക്കരി വി.എസ്.ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.