മാത്യു കുഴല്‍നാടന് കയ്യടിച്ച് സോഷ്യല്‍ മീഡിയ ; എൽദോ ഏബ്രഹാമിന്‍റെ ആരോപണം തോറ്റതിന്‍റെ ജാള്യതയില്‍ നിന്നെന്ന് പരിഹാസം

Jaihind Webdesk
Monday, May 17, 2021

മൂവാറ്റുപുഴ : കൊവിഡ് രോഗികളെ സഹായിക്കാൻ നിയുക്ത എംഎല്‍എ മാത്യു കുഴൽനാടൻ ആരംഭിച്ച കൊവിഡ് ബ്രിഗേഡിനെ പരിഹസിച്ച എല്‍ദോ ഏബ്രഹാമിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. മൂവാറ്റുപുഴ മോഡൽ എന്ന് വിശേഷിക്കപ്പെട്ട കൊവിഡ് ഡിഫൻസ് ബ്രിഗേഡി‍ന്‍റെ പ്രവർത്തനങ്ങളെ കാര്യമില്ലാതെ വിമർശിക്കുകയാണ് മുന്‍ എം.എല്‍.എ ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

13 ദിവസമായിട്ടും മൂവാറ്റുപുഴയിൽ യാതൊരു പ്രവർത്തനവും നടക്കാത്തതിനാലാണ് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് എന്നായിരുന്നു എല്‍ദോ ഏബ്രഹാം ഫേസ്ബുക്കില്‍ കുറിച്ചത്. ‘മൂവാറ്റുപുഴയ്ക്കൊരു നാഥനുണ്ടോ’ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിലായിരുന്നു വിമര്‍ശനം. എന്നാല്‍ എൽദോയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും തെരഞ്ഞെടുപ്പ് തോൽവിയുടെ ജാള്യത മറയ്ക്കാനാണ് മുന്‍ എം.എല്‍.എയുടെ പോസ്റ്റെന്നും കമന്‍റുകളിൽ പലരും കുറ്റപ്പെടുത്തുന്നു.

അതേസമയം സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട കൊവിഡ് സന്നദ്ധ സേനയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് നിയുക്ത എംഎല്‍എ മാത്യു കുഴൽ നാടൻ വ്യക്തമാക്കി. 24 മണിക്കൂർ പ്രവർത്തിക്കുന്ന വാർ റൂം, സ്റ്റോർ റൂം, ഹെൽപ്പ് ഡെസ്ക്, ആംബുലൻസ് സർവീസ് എന്നിവ അടങ്ങിയ സംവിധാനമാണ് മൂവാറ്റുപുഴയിൽ ഒരുക്കിയത്. പ്രൊഫഷണൽസിനെയും യുവാക്കളെയും ഉള്‍പ്പെടുത്തി ആയിരത്തിലധികം പേരടങ്ങുന്നതാണ് കൊവിഡ് പ്രതിരോധ സേന.