വിദ്യാർത്ഥികൾക്കിടയിലെ സോഷ്യൽമീഡിയ ഉപയോഗം തെരുവ് യുദ്ധത്തിലേക്ക്…

വയനാട്ടിൽ വിദ്യാർത്ഥികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം തെരുവ് യുദ്ധത്തിലേക്ക്. സോഷ്യൽമീഡിയ വഴിയുളള വെല്ലുവിളികളാണ് അധ്യാപകദിനത്തിൽ മാനന്തവാടി ടൗണിൽ തെരുവ് യുദ്ധം തീർത്തത്. കഴിഞ്ഞ വർഷം മൂന്ന് കുട്ടികൾ ഓൺലൈൻ ഗെയ്മുകൾക്ക് അടിമപ്പെട്ട് ജില്ലയിൽ ആത്മഹത്യചെയ്തിരുന്നു. വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചൈൽഡ് ലൈൻ അറിയിച്ചു.

ഓണക്കാലത്ത് പൂപറിക്കാനും സ്നേഹം പങ്കിടാനും ഓടിനടക്കേണ്ട നമ്മുടെ വിദ്യാർത്ഥികളാണ് തെരുവിൽ പരസ്പരം തല്ലി തെരുവ് യുദ്ധം തീർക്കുന്നത്. വയനാട് മാനന്തവാടി, പുൽപ്പളളി, തലപ്പുഴ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലാണ് കഴിഞ്ഞ ദിവസം നടുറോട്ടിൽ വച്ച് തമ്മിൽ തല്ലിയത്.  ഇൻസ്റ്റഗ്രാം ഉൾപ്പെടെയുളള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉയർന്ന വാഗ്വാദങ്ങളാണ് ഒടുവിൽ കയ്യാങ്കളിയിലെത്തിയത്.  പരസ്പരം സ്‌കൂളുകളെപ്പറ്റി സംസാരിച്ച് തുടങ്ങിയ വിദ്യാർത്ഥികൾ പിന്നീട് ശത്രുക്കളാകുകയും കൂട്ടത്തല്ലിലേക്ക് എത്തുകയുമായിരുന്നു. മാനന്തവാടി പൊലീസ് പ്രശ്നം താത്ക്കാലികമായി ഒത്തുതീർപ്പാക്കിയെങ്കിലും വിദ്യാർത്ഥികൾക്കിടയിലെ തർക്കങ്ങൾ സോഷ്യൽമീഡിയയിലൂടെ സജീവമായി തുടരുന്നുണ്ട്. സ്‌കൂളുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ പരസ്പരം കൊമ്പ്കോർക്കുകയാണ് ഇവിടെ. സംഭവം അന്വേഷിച്ച ചൈൽഡ് ലൈൻ ഗൗരവത്തോടെയാണ് ഇക്കാര്യത്തെ നോക്കിക്കാണുന്നത്.

വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും വിളിച്ച് വരുത്തി സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കാനൊരുങ്ങുകയാണ് മാനന്തവാടി പൊലീസ്. വിദ്യാർത്ഥികളുടെ സോഷ്യൽമീഡിയ ഉപയോഗം നിരീക്ഷിക്കാൻ ചൈൽഡ് ലൈനും തീരുമാനിച്ചിട്ടുണ്ട്.

ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട് മൂന്ന് ജീവനുകളാണ് കഴിഞ്ഞ വർഷം വയനാട്ടിൽ പൊലിഞ്ഞത്.  അതുകൊണ്ട് തന്നെ വിദ്യാർത്ഥികളുടെ തെറ്റായ നവമാധ്യമ ഉപയോഗങ്ങളെ മുളയിലെ നുളളാനാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊലീസിന്‍റെയും തീരുമാനം.

https://www.youtube.com/watch?v=MrTk7HOi9TM

Comments (0)
Add Comment