കേട്ട പാതി കേള്‍ക്കാത്ത പാതി പ്രചാരണം; ഇളിഭ്യരായി സൈബർ സഖാക്കള്‍; ചുവരെഴുത്ത് മായ്ക്കുന്നുണ്ടോ എന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം

Jaihind Webdesk
Wednesday, May 4, 2022

 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുളള ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെ  സമൂഹമാധ്യമങ്ങളില്‍  പ്രചാരണം തുടങ്ങിയ സൈബര്‍ സഖാക്കള്‍ വെട്ടിലായി. സ്ഥാനാർത്ഥിയാകുമെന്ന് പേരുകള്‍ ഉയര്‍ന്നുകേട്ട വ്യക്തിക്കായി പോസ്റ്ററുകളും ബാനറുകളും ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യല്‍ മഹാമഹത്തിനാണ് പിന്നീട് സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിച്ചത്.

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തു സൈബര്‍ സഖാക്കള്‍ തല്‍ക്കാലം തടിയൂരി. പക്ഷെ തീർത്തും ഡിജിറ്റലല്ലാത്ത ഒരു പ്രശ്നം ഡിലീറ്റ് ചെയ്യാനാകാതെ നിന്നത് ട്രോളുകള്‍ക്ക് വഴിയൊരുക്കി. സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ച ആള്‍ക്കായി ചുവരെഴുത്ത് നടത്തിയതാണ് സിപിഎമ്മിന് ക്ഷീണമായത്. സ്ഥാനാർത്ഥി ആരായാലും പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് നേതാക്കള്‍ കട്ടായം പറഞ്ഞതോടെ ചുവരെഴുത്ത് മായ്ക്കണോ വേണ്ടയോ എന്ന ചിന്താക്കുഴപ്പത്തിലാണ് സഖാക്കള്‍. എന്തായാലും തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിർണയത്തിലെ കല്ലുകടി ഇടതുമുന്നണിക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയായിരിക്കുകയാണ്. അതേസമയം ശക്തമായ പ്രചാരണവുമായി മണ്ഡലത്തില്‍ ബഹുദൂരം മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്.