ജന്മഭൂമി ലേഖനം: സോഷ്യൽ മീഡിയയിൽ വ്യാപക ട്രോൾ ; പിണറായി ‘അമിത് വിജയനെന്ന്’ പരിഹാസം

Jaihind Webdesk
Sunday, November 10, 2019

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയില്‍ വന്ന ലേഖനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ. പിണറായിക്ക് ബിഗ് സല്യൂട്ട് എന്ന പേരില്‍ ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചർച്ചയാകുന്നത്. സംഘികളുടെ പിണറായി പുകഴ്ത്തലില്‍ പാർട്ടി നേതാക്കള്‍ മൌനത്തിലാണ്. അമിത് വിജയന്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്.

യു.എ.പി.എ, മാവോയിസ്റ്റ് വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നല്‍കിക്കൊണ്ടാണ് ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ എഡിറ്റോറിയല്‍. ‘മറുപുറം’പംക്തിയിലാണ് ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ എന്ന ലേഖനം. ബി.ജെ.പി സംസ്ഥാന സമിതി അംഗവും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ കുഞ്ഞിക്കണ്ണന്‍റേതാണ് ലേഖനം. പിണറായി വിജയന്‍ സംഘികള്‍ക്ക് എന്നും രോമാഞ്ചമുണ്ടാക്കിയ നേതാവാണെന്ന തരത്തിലാണ് ലേഖനം. സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറിയും മാവോയിസ്റ്റ് വേട്ടയെ അപലപിക്കുമ്പോഴാണ് പിണറായിയെ സംഘികള്‍ സല്യൂട്ടടിക്കുന്നത്. മാവോയിസ്റ്റ് വേട്ടയില്‍ സമ്പൂർണ പിന്തുണയും സല്യൂട്ടുമാണ് ബി.ജെ.പി മുഖപത്രം മുഖ്യമന്ത്രിക്ക് നല്‍കുന്നത്. മോദി-ഷാ കൂട്ടുകെട്ടിന്‍റെ നയങ്ങളെ കണ്ണുമടച്ച് നടപ്പാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സംഘപരിവാർ പ്രകീര്‍ത്തിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസത്തിനും വിമർശനത്തിനും വഴിവെക്കുന്നുണ്ട്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അതേ നയങ്ങള്‍ തന്നെയാണ് പിണറായിയും നടപ്പാക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. ‘അമിത് വിജയന്‍’ എന്ന പേരാണ് പിണറായിക്ക് ചേരുകയെന്നും സമൂഹമാധ്യമങ്ങളില്‍ പരിഹാസമുയരുന്നു. അമിട്ട് വിജയന്‍ എന്ന ഹാഷ് ടാഗിലും പിണറായിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമർശനവും പരിഹാസവും ഉയരുന്നുണ്ട്.

teevandi enkile ennodu para