പ്രധാനമന്ത്രിയുടെ ഗുഹയിലെ ധ്യാനത്തില്‍ സംശയവുമായി സോഷ്യല്‍ മീഡിയ. കേദാര്‍നാഥിലെ ഗുഹയില്‍ ഒരു രാത്രി മുഴുവന്‍ ധ്യാനത്തിലിരിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെയാണ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നത്. മോദിക്ക് കിടന്നുറങ്ങാനുള്ള സൗകര്യങ്ങള്‍ ഗുഹയില്‍ ഒരുക്കിയിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ദ ടെലഗ്രാഫ് പത്രവും മോദിയുടെ ധ്യാനത്തില്‍ ചോദ്യങ്ങളുമായി രംഗത്തെത്തി. ‘പോള്‍ഗ്രിമേജ്’ എന്നാണ് ടെലഗ്രാഫ് മോദിയുടെ പ്രകടനത്തെ വിശേഷിപ്പിച്ചത്. പില്‍ഗ്രിമേജ് (തീര്‍ത്ഥാടനം) അല്ല മറിച്ച് ‘പോള്‍’ഗ്രിമേജ് (തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള തീര്‍ത്ഥാടനം എന്ന് വ്യംഗ്യം) എന്നാണ് ടെലഗ്രാഫ് വിശേഷിപ്പിച്ചത്.
മോദിയുടെ ‘ഡിജിറ്റല്‍ ധ്യാനം’ സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഗുഹയ്ക്കുള്ളില്‍ ക്യാമറാമാനെയും കൂട്ടി ധ്യാനിക്കുന്ന മോദി സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിരുന്നു. രാത്രി മുഴുവന്‍ മോദി ധ്യാനത്തിലായിരുന്നുവെന്ന അവകാശവാദമാണിപ്പോള്‍ സോഷ്യല്‍ മീഡിയ തെളിവ് സഹിതം പൊളിച്ചടുക്കുന്നത്.
മോദി ധ്യാനത്തിലിരിക്കുന്ന ഗുഹയില്‍ വസ്ത്രങ്ങള്‍ തൂക്കാനുള്ള ഹാംഗര്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ എന്തിനെന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്ന ചോദ്യം. ഗുഹയ്ക്കുള്ളില്‍ വെളുത്ത ഷീറ്റ് വിരിച്ച വലിപ്പമുള്ള കട്ടിലിലാണ് മോദിയുടെ ഇരിപ്പ്. ധ്യാനിക്കുമ്പോഴും കണ്ണട മാറ്റിയിട്ടുമില്ല. ഇതെല്ലാം മോദിയുടെ ഒരു ഫോട്ടോ ഷൂട്ട് സെഷന്‍ മാത്രമാണെന്നാണ് ഉയരുന്ന അഭിപ്രായം.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
‘ആരാണ് പറഞ്ഞത് മോദി രാത്രി മുഴുവന്‍ ധ്യാനിക്കുകയാണെന്ന്? അദ്ദേഹത്തിന് കിടന്നുറങ്ങാന്‍ കിടക്കയുണ്ട്, വസ്ത്രങ്ങള്‍ തൂക്കാന്‍ ഹാംഗറുണ്ട്. ക്യാമറയാണെങ്കില്‍ അനുവദിച്ചിട്ടുമില്ല. ഇതാണ് സ്വര്‍ഗം’ – ഒരാള്‍ അഭിപ്രായപ്പെടുന്നു.
മോദി രാത്രി മുഴുവന്‍ ധ്യാനമിരിക്കുകയാണെങ്കില്‍ എന്തിനാണ് നീളമുള്ള കട്ടിലെന്ന് ചിന്തിച്ചുനോക്കാനും മോദി ഭക്തരോട് സോഷ്യല്‍ മീഡിയ പറയുന്നു.
ധ്യാനത്തിലിരിക്കുന്ന ആള്‍ക്ക് എന്തിനാണ് ക്ലോത്ത് ഹാങ്ങേഴ്‌സ് എന്നും ചോദ്യം ഉയരുന്നു.