വണ്ടിപ്പെരിയാറില്‍ മൗനം ; സിപിഎമ്മിന്റെ സ്ത്രീപക്ഷ ക്യാമ്പെയ്‌നെ പുകഴ്ത്തി പോസ്റ്റ് ; ചിന്തയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

Jaihind Webdesk
Thursday, July 8, 2021

തിരുവനന്തപുരം : സിപിഎമ്മിന്റെ സ്ത്രീപക്ഷ കേരളം ക്യാമ്പെയ്‌നെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കാതെ മൗനം തുടരുന്നതിനെതിരെയാണ് വിമര്‍ശനം. സ്ത്രീസുരക്ഷയെ പറ്റി പറയുന്ന ചിന്ത, വണ്ടിപ്പെരിയാറില്‍ നടന്നത് അറിഞ്ഞില്ലെയെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ചിന്തയ്ക്കെതിരെ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തും രംഗത്തെത്തി. പീഡനങ്ങളിൽ പ്രതിയാക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും സഖാക്കളായതുകൊണ്ടാണോ  ഒരക്ഷരം ഉരിയാടാതെ കാഴ്ചക്കാരിയാകുന്നതെന്ന് അഭിജിത് ചോദിച്ചു. കുഞ്ഞുങ്ങളും, സ്ത്രീകളും ക്രൂരമായ പീഡനങ്ങൾക്ക് വിധേയരാകുമ്പോൾ കാഴ്ചക്കാരാകുന്ന വനിതാ കമ്മീഷനും യുവജന കമ്മീഷനും പിരിച്ചുവിടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരത്ത് ബാലാവകാശ കമ്മീഷന്‍ ഓഫീസിലേക്ക് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കമ്മീഷന്‍ ചെയര്‍മാനെ കാണണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.