തുഷാര്‍ മത്സരിക്കേണ്ടെന്ന് വെളളാപ്പളളി നടേശന്‍

Jaihind Webdesk
Thursday, February 7, 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെളളാപ്പളളി മത്സരിക്കേണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ ആരും തന്നെ മത്സരിക്കേണ്ടെന്നാണ് പൊതുഅഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ വേണമെന്ന ആവശ്യം ഘടകകക്ഷിയായ ബിഡിജെഎസ് ബിജെപി നേതൃത്വത്തെ നേരത്തെ ധരിപ്പിച്ചിരുന്നു. അതേസമയം തുഷാര്‍ വെളളാപ്പളളി മത്സരിക്കണമെന്നും ബിജെപി നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും വനിതാമതിലിലും വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ച നിലപാടില്‍ സംസ്ഥാനത്തെ എന്‍ഡിഎ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശന്റെ നിലപാടിനൊപ്പമാണ് ബിഡിജെഎസിന്റെ വലിയൊരു വിഭാഗം പ്രവര്‍ത്തകരും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുഷാറിനെ മത്സര രംഗത്തിറക്കി ബിഡിജെഎസിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പിക്കുകയാണ് ബിജെപി ലക്ഷ്യം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനടക്കം മത്സര രംഗത്തുണ്ടായിട്ടും സുഭാഷ് വാസുവിനെ മാത്രം മല്‍സരിച്ച് തുഷാര്‍ മാറി നില്‍ക്കുകയായിരുന്നു. ഇത്തവണയും മല്‍സരിക്കുന്നതിനോട് തുഷാറിന് തീരെ യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.