എസ്എന്‍സി ലാവ്‌ലിന്‍ കേസ് നാളെ സുപ്രീം കോടതിയില്‍

എസ്എന്‍സി ലാവ്‌ലിന്‍ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍വി രമണ, ശാന്തന ഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയതിന് എതിരായ അപ്പീലും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിതെ കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന്‍ കസ്തൂരി രംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെജി രാജശേഖരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളുമാണ് കോടതിയുടെ മുമ്പാതെ വരുന്നത്. ഇതിന് പുറമേ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരന്‍ നല്‍കിയ അപേക്ഷയും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

പിണറായി വിജയന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ഗിരി ഹാജരാവും. നേരത്തെ രണ്ട് തവണ വി ഗിരി ഹാജരായിരുന്നു. പിണറായി വിജയന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് ഹരീഷ് സാല്‍വേയാണ്. ഹരീഷ് സാല്‍വേ നിലവില്‍ കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജര്‍ ആകുന്നതിനാല്‍ സാല്‍വെ ഹേഗില്‍ ആണ്. വിശദമായ വാദം നടക്കുമ്പോള്‍ ഹരീഷ് സാല്‍വേയെ ഹാജരാക്കാനാണ് തീരുമാനം.

പിണറായി വിജയനോട് വിചാരണ നേരിടാന്‍ നിര്‍ദേശിക്കണം എന്ന ആവശ്യം സിബിഐ ഉന്നയിച്ചേക്കും. എന്നാല്‍ വിചാരണ കോടതിയും ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയതിനാല്‍ സുപ്രീം കോടതി സിബിഐയുടെ അപ്പീല്‍ തള്ളണം എന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ വി ഗിരി കഴിഞ്ഞ രണ്ട് തവണയും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തവണയും അതേ ആവശ്യം തന്നെ ഉന്നയിച്ചേക്കും.

Snc lavalinpinarayi vijayan
Comments (0)
Add Comment