ആറാം ഘട്ട ലോക്സഭ തിരഞ്ഞെടുപ്പ്: 58 മണ്ഡലങ്ങൾ ബൂത്തിൽ; വോട്ടെടുപ്പ് ആരംഭിച്ചു

 

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഡൽഹിയിലെ ഏഴിടങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 58 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 889 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഉത്തർ പ്രദേശിലെ 14, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 8, ഒഡീഷയിലെ 6, ഝാർഖണ്ഡിലെ 4, ഹരിയാനയിലെ 10, ഡൽഹിയിലെ 7-ഉം ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. മെഹബൂബ മുഫ്തി, മനേക ഗാന്ധി, മനോഹർ ലാൽ ഖട്ടർ, ദീപേന്ദ്ര സിംഗ് ഹൂഡ, കനയ്യ കുമാർ, രാജ് ബബ്ബാർ, ബാൻസുരി സ്വരാജ്, മനോജ് തിവാരി, ധർമ്മേന്ദ്ര പ്രധാൻ, സംബിത് പത്ര എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ.

ഈ ഘട്ടത്തിലെ തിരഞ്ഞെടുപ്പോടുകൂടി 486 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാകും. 889 സ്ഥാനാർഥികളാണ് ആറാം ഘട്ടത്തിൽ ആകെ മത്സരരംഗത്തുള്ളത്. ഏറ്റവുമധികം മത്സരാർത്ഥികൾ യുപിയിലാണ്. 470 പേരാണ് ഉത്തർപ്രദേശിൽ മത്സരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ച ജമ്മു-കശ്മീരിലെ അനന്ത്‌നാഗിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിലെ വോട്ടെടുപ്പ് ജൂൺ ഒന്നിനാണ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്.

Comments (0)
Add Comment