ആള്‍ക്കൂട്ട കൊല: പ്രധാനമന്ത്രിക്ക് കത്തെഴുതിയ ആറുപേരെ കോളേജില്‍ നിന്ന് പുറത്താക്കി

Jaihind Webdesk
Saturday, October 12, 2019

മുംബൈ: ആള്‍ക്കൂട്ടക്കൊല, രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട ബലാത്സംഗക്കേസുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയും പ്രതിഷേധ ധര്‍ണ്ണ നടത്തുകയും ചെയ്ത ആറ് കോളജ് വിദ്യാര്‍ഥികളെ പുറത്താക്കി. മഹാരാഷ്ട്രയിലെ മഹാത്മ ഗാന്ധി അന്തര്‍രാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്.

2019 ലെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു, ജുഡീഷ്യല്‍ പ്രക്രിയകളില്‍ ഇടപെട്ടു തുടങ്ങിയവയാണ് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ . കഴിഞ്ഞ ദിവസം ആക്ടിംഗ് രജിസ്ട്രാര്‍ രാജേശ്വര്‍ സിംഗ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആള്‍ക്കൂട്ട കൊലപാതകം, രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട ബലാത്സംഗക്കേസുകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഇതിനു പുറമെ ധര്‍ണ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം ഉയര്‍ന്ന ജാതിയില്‍ നിന്നുള്‍പ്പെടെ 100 ഓളം വിദ്യാര്‍ഥികള്‍ ധര്‍ണയില്‍ പങ്കെടുത്തിരുന്നുവെന്നും എന്നാല്‍ മൂന്ന് ദളിത് വിദ്യാര്‍ഥികള്‍ക്കെതിരെയും മൂന്ന് ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്കെതിരെയും മാത്രമാണ് നടപടി സ്വീകരിച്ചതെന്ന് പുറത്താക്കിയ വിദ്യാര്‍ഥികള്‍ ആരോപിച്ചു.കോളജ് നടപടിക്കെതിരെ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ആക്ടിംഗ് രജിസ്ട്രാര്‍ വ്യക്തമാക്കി.