ബീഹാറിലെ മുസാഫിര്‍പൂരിലെ ഹോട്ടലില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു

Jaihind Webdesk
Tuesday, May 7, 2019

ബീഹാറിലെ മുസാഫിര്‍പൂരിലെ ഹോട്ടലില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെയാണ് സംഭവം. ആറോളം വോട്ടിംഗ് മെഷീനുകളും ഒരു വിവിപാറ്റ് യന്ത്രവുമാണ് പിടിച്ചെടുത്തത്. രണ്ട് ബാലറ്റ് യൂണിറ്റ്, ഒരു കണ്‍ട്രോള്‍ യൂണിറ്റ്, രണ്ട് വിവിപാറ്റ് യന്ത്രങ്ങള്‍ എന്നിവയും പിടിച്ചെടുക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. സെക്ടർ മജിസ്ട്രേറ്റ് അവദേഷ് കുമാറിന്‍റെ പക്കൽ നിന്നുമാണ് യന്ത്രങ്ങൾ പിടിച്ചെടുത്തത്. രണ്ട് ഘട്ടങ്ങളിലായി 16 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ബാക്കി നില്‍ക്കെയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത്.

മുസാഫര്‍പൂര്‍ എസ്.ഡി.ഒ. കുന്ദന്‍കുമാര്‍ ആണ് വോട്ടിംഗ് മെഷീനുകള്‍ പിടിച്ചെടുത്തത്. ഡ്രൈവര്‍ വോട്ട് ചെയ്യാന്‍ പോയതിനെ തുടര്‍ന്നാണ് അവദേഷ് കുമാര്‍ യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയിലേയ്ക്ക് കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. കേടാകുന്ന യന്ത്രങ്ങൾക്ക് പകരം എത്തിക്കാൻ നൽകിയിരുന്ന യന്ത്രങ്ങളാണ് ഇതെന്നും എന്നാല്‍ യന്ത്രങ്ങള്‍ ഹോട്ടലില്‍ സൂക്ഷിച്ച നടപടി ശരിയായില്ലെന്നും അതിനാലാണ് പിടിച്ചെടുത്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. യന്ത്രങ്ങൾ ഹോട്ടലിൽ സൂക്ഷിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി തുടങ്ങിയതായി ജില്ല കളക്ടർ വ്യക്തമാക്കി.

ഹോട്ടലില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തതോടെ അവദേഷ് കുമാറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ നാട്ടുകാര‍ ഹോട്ടലിന് പുറത്ത് തടിച്ചു കൂടിയത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച നാട്ടുകാര്‍ അടിയന്തര നടപടി ആവശ്യപ്പെട്ടു.