ബാഗേജ് മറന്നുവെച്ചെന്ന ശിവശങ്കറിന്‍റെ മൊഴി; പതിവുപോലെ ‘ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന്’ മുഖ്യമന്ത്രി

Jaihind Webdesk
Sunday, July 24, 2022

തിരുവനന്തപുരം: യുഎഇ യാത്രയിൽ ബാഗേജ് മറന്നുവെന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ മൊഴി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എം.കെ മുനീർ എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയത്. യുഎഇ യാത്രയിൽ ബാഗ് എടുക്കാൻ മറന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

യുഎഇ യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നുവെന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ മൊഴി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി നൽകിയത്. യുഎഇ കോൺസുലേറ്റ് വഴി മുഖ്യമന്ത്രിക്ക് പാക്കറ്റ് എത്തിച്ചതായി ശിവശങ്കർ കസ്റ്റംസിനും വിവിധ അന്വേഷണ ഏജൻസികൾക്കും നൽകിയ മൊഴി പുറത്ത് വന്നിരുന്നു. മൊഴി തെറ്റെങ്കിൽ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമോയെന്ന രണ്ടാമത്തെ ചോദ്യത്തിന് ബാധകമല്ലെന്നും ഉത്തരം നൽകി.

കസ്റ്റംസ് നിയമത്തിലെ 108-ാം വകുപ്പ് പ്രകാരം ശിവശങ്കർ നൽകിയ മൊഴിയുടെ പകർപ്പ് നേരത്തെ പുറത്തുവന്നതാണ്. മുഖ്യമന്ത്രിയുടെ ആദ്യ യാത്രയിൽ യുഎഇ പ്രതിനിധികൾക്കുള്ള സമ്മാനങ്ങൾ അടങ്ങിയ പാക്കറ്റ് യുഎഇ കോൺസുലേറ്റ് വഴി എത്തിച്ചതായി പറയുന്നു. കോൺസുലേറ്റ് ജനറൽ സഹായ വാഗ്ദാനം നൽകിയിരുന്നതുകൊണ്ടാണ് ഇതുവഴി എത്തിച്ചതെന്നും ശിവശങ്കറിന്‍റെ മൊഴിയിൽ ഉണ്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് പറഞ്ഞതിനെ സാധീകരിക്കുന്നതാണ് ശിവശങ്കറിന്‍റെയും മൊഴി.

യുഎഇ യാത്രയിൽ താന്‍ ബാഗേജ് മറന്നുവെച്ചിട്ടില്ലെന്ന മറുപടി പറഞ്ഞ് ഒഴിയുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിയുടെ ഉത്തരത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉയർത്തിയ ചോദ്യങ്ങള്‍ക്കൊന്നുനും മുഖ്യമന്ത്രി മറുപടി നല്‍കിയതുമില്ല. നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിലെ എസ്എഫ്ഐയുടെ പങ്ക് സംബന്ധിച്ച ചോദ്യത്തിനും ‘ശ്രദ്ധയില്‍പ്പെട്ടിട്ടില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തന്നെയോ സർക്കാരിനെയോ പാർട്ടിയെയോ  സംശയനിഴലില്‍ നിർത്തുന്ന ചോദ്യങ്ങള്‍ക്കെല്ലാം ‘ശ്രദ്ധയില്‍പ്പെട്ടിട്ടില്ല’ എന്ന മറുപടിയിലൂടെ  മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത് പതിവായിരിക്കുകയാണ്.