ശിവശങ്കര്‍ ആശുപത്രിയില്‍ തുടരുന്നു ; ആരോഗ്യനില വിലയിരുത്തിയശേഷം തുടര്‍നടപടിക്ക് കസ്റ്റംസ്

Jaihind News Bureau
Saturday, October 17, 2020

 

തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ എം. ശിവശങ്കര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു. ആന്‍ജിയോഗ്രാം ഉള്‍പ്പെടെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് കസ്റ്റംസിന്‍റെ തീരുമാനം.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്‍റെ പൂജപ്പുരയിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനായി കസ്റ്റംസ് വാഹനത്തില്‍ ശിവശങ്കർ പുറപ്പെട്ടു.  യാത്രാമധ്യേ ശാരീരിക അവശതകള്‍ തോന്നിയതോടെ  കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാര്‍ഡിയാക് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച അദേഹത്തെ ഇന്ന് ആന്‍ജിയോഗ്രാമിനും എം.ആര്‍.ഐ സ്കാനിങ്ങിനും വിധേയമാക്കും.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നാല് മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയില്‍ തുടർന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. എന്‍.ഐ.എ ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചു.