സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രിയിലേക്കെത്തുമെന്ന് ആശങ്ക; മുഖം രക്ഷിക്കാൻ എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നു കൂടി നീക്കി; തടിതപ്പാന്‍ സർക്കാർ ശ്രമം

Jaihind News Bureau
Tuesday, July 7, 2020

സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രിയിലേക്കെത്തുമെന്ന് സർക്കാർ തലത്തിൽ ആശങ്ക. മുഖം രക്ഷിക്കാൻ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് കൂടി എം ശിവശങ്കറിനെ നീക്കി പകരം മുന്‍ കണ്ണൂർ കളക്ടർ മീർ മുഹമ്മദിനെ നിയമിച്ചു. കൂടുതൽ പേർക്കെതിരെ നടപടിയെടുത്ത് തടിതപ്പാനാണ് സർക്കാർ ശ്രമം.

സ്പ്രിങ്ക്ളര്‍  വിവാദം മുതല്‍ ബെവ്ക്യു ആപ്പിലും, ഇ മൊബിലിറ്റി വിവാദത്തിലും , സ്വര്‍ണ്ണ കളളക്കടത്ത് കേസിലും വിവാദങ്ങള്‍ വിട്ടൊഴിയാതെ മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതിക്കുട്ടിലാക്കിയതോടെ ആണ്  പിണറായി വിജയന്‍റെ വിശ്വസ്തനായ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത നിന്നും ഐ ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി നിർത്തി മുഖം രക്ഷിക്കാന്‍ സർക്കാർ ശ്രമിക്കുന്നത്. മുന്‍ കണ്ണൂര്‍ കളക്ടറായ മിര്‍ മുഹമ്മദായിരിക്കും ഇനി മുഖ്യമന്ത്രിയുടെ സെക്രട്ടറി.  

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന്‍റെ വിട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ശിവശങ്കരന്‍ എന്നതിന്‍റെ തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.  നേരത്തെ , സ്പ്രിങ്ക്ളര്‍ വിവാദത്തിലും ബെവ്ക്യു ആപ്പിലും  സര്‍ക്കാരിന്‍റെ വിശ്വാസ്യത തകര്‍ക്കുന്ന മട്ടില്‍  മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതിയും വഴിവിട്ട ഇടപ്പെടലുകളും നടക്കുന്നതായി പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തകര്‍ക്കരുത് എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ശിവശങ്കറിനെ സംരക്ഷിച്ചത്.

എന്നാല്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്‍റെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ തുറന്നുവെന്ന ആക്ഷേപം പ്രതിപക്ഷനേതാവ് ഉയര്‍ത്തിയതിന് പിന്നാലെ അവരുടെ നിരദ്ദേശപ്രകാരമാണ് സ്‌പേയ്‌സ് പാര്‍ക്കില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് നിയമിതയാകുന്നത് എന്ന വാര്‍ത്തയും പുറത്ത് വന്നത്.  സ്വര്‍ണക്കടത്തില്‍ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തില്‍ എം.ശിവശങ്കറിനെ ഉള്‍പ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യും. മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയില്‍ ഇരിക്കുമ്പോള്‍ ശിവശങ്കര്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ മുഖ്യമന്ത്രി ഓഫീസ് കൂടുതല്‍ പ്രതിസന്ധിയില്‍ ആവും. ഈ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറിനെ മാറ്റിനിര്‍ത്താന്‍ പിണറായി തീരുമാനിക്കുന്നത്.  എം ശിവശങ്കരന്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.

പ്രതിസന്ധിയില്‍ നിന്ന കരകയാറാന്‍ തിരക്കിട്ട ചര്‍ച്ചകളാണ് ക്ലീഫ് ഹൗസ് കേന്ദ്രീകരിച്ച് നടക്കുന്നത്. ഡിജിപിയും ചീഫ് സെക്രട്ടറിയുമുള്‍പ്പടെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. അതേസമയം, ഇപ്പോഴും മുഖ്യമന്ത്രി ശിവശങ്കരനെ സംരക്ഷിക്കാന്‍ ശ്രമിക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.കൂടാതെ പല മന്ത്രിമാരും വിഷയത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇനി എത്ര ഉന്നത ഉദ്രോഗസ്ഥരെ ഒഴിവാക്കുമെന്നതും കണ്ടറിയണം.