സ്വർണ്ണക്കടത്ത് കേസ്: എം ശിവശങ്കരനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് 5 മണിക്കൂർ ചോദ്യം ചെയ്തു

Jaihind News Bureau
Saturday, August 15, 2020

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഈ ആഴ്ച വീണ്ടും ചോദ്യം ചെയ്യും. ഇന്നലത്തെ 5 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ശിവശങ്കർ നൽകിയ മൊഴി വിലയിരുത്തിയ ശേഷമാവും വീണ്ടും വിളിച്ചു വരുത്തിയുള്ള ചോദ്യം ചെയ്യൽ ഉണ്ടാവുക. സ്വപ്ന ഉൾപ്പടെയുള്ള 3 പ്രതികളുടെ ഇ.ഡിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

ഇന്നലത്തെ ചോദ്യം ചെയ്യലിലെ എം ശിവശങ്കരന്‍റെ മൊഴിയും ഉദ്യോഗസ്ഥർ പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മുമ്പ് 7-8 തീയതികളിൽ ഇ.ഡിക്ക് നൽകിയ മൊഴികളിൽ എം ശിവശങ്കർ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ സ്വപ്നയേയും ശിവശങ്കരനെയും ഒരുമിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ ചില കാര്യങ്ങൾ ഇ.ഡിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഒരു മണിക്കൂറോളമാണ് ഇരുവരെയും ഒരുമിച്ചിരുത്തി ഇ.ഡി ചോദ്യം ചെയ്തത്.

ഹവാല ഇടപാട്, ലോക്കറിൽ നിന്നും കണ്ടെത്തിയ സ്വർണ്ണവും  1 കോടി രൂപയും, ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ മൊഴി, ലോക്കറിൽ നിന്നും ലഭിച്ച വിദേശ കറൻസികൾ തുടങ്ങി വിവിധ ഇടപാടുകളിൽ എം ശിവശങ്കരന്‍റെ പങ്കാളിത്തം സംമ്പന്ധിച്ച് ചോദ്യങ്ങളുണ്ടായതായാണ് സൂചന. ഇരുവരിൽ നിന്നും ലഭിച്ച മൊഴികൾ വിലയിരുത്തി ചാർട്ടേഡ് അക്കൗണ്ടന്‍റിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. ഔദ്യോഗിക വിദേശ യാത്രകൾക്കിടെ സ്വപ്നയുമായി യു.എ.ഇയിൽ വച്ച് എം ശിവശങ്കർ കൂടിക്കാഴ്ച നടത്തിയതിന്‍റെ വിശദാംശങ്ങളും ഇന്നലെ ചോദിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിന് എന്‍ഫോഴ്സ്മെന്‍റ് അസിസ്റ്റന്‍റ് ഡയറക്ടർ പി രാധാകൃഷ്ണൻ നേതൃത്വം നൽകി. ചോദ്യം ചെയ്യൽ വീഡിയോ ക്യാമറയിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിർദ്ദേശം നൽകിയാണ് ഇ.ഡി എം ശിവശങ്കറിനെ വിട്ടയച്ചത്.

ശിവശങ്കറിന്‍റെ മൊഴി അടുത്ത ദിവസം വിലയിരുത്തിയ ശേഷം ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ചക്കകം വീണ്ടും കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. അതിനിടെ സ്വപ്നാ സുരേഷ്, സരിത്, സന്ദീപ് എന്നീ പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. നേരത്തെ 11 ദിവസത്തെ കസ്റ്റഡിക്ക് ശേഷം 4 ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി കോടതി നീട്ടി നൽകുകയായിരുന്നു. എം ശിവശങ്കറിനെ ചോദ്യം ചെയ്ത വിവരങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിക്കും.