ഈന്തപ്പഴം വിതരണം ചെയ്ത കേസ് : ശിവശങ്കറിനെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനം

Jaihind News Bureau
Saturday, November 7, 2020

 

കൊച്ചി: വിദേശത്ത് നിന്നും എത്തിയ ഈന്തപ്പഴം വിതരണം ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനം. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏഴ് പ്രതികൾക്കെതിരെ കൊഫേപോസ ചുമത്താനും കസ്റ്റംസ് തീരുമാനിച്ചു.

ഈന്തപ്പഴം ഇറക്കുമതി ചെയ്ത് വിതരണം ചെയ്ത സംഭവത്തിന് പുറമെ ഡോളര്‍ കടത്തിയ കേസിലും ശിവശങ്കറിനെ പ്രതിചേര്‍ക്കുമെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. എന്‍ഫോഴ്‌സ്‌മെന്‍റ് കസ്റ്റഡി കഴിഞ്ഞാല്‍ ഉടന്‍ ശിവശങ്കറിനെ പ്രതി ചേര്‍ത്ത് കസ്റ്റംസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. മൂന്ന് വര്‍ഷം കൊണ്ട് നയതന്ത്രബാഗ് വഴി 17,000 കിലോഗ്രാം ഈന്തപ്പഴമാണ് സംസ്ഥാനത്ത് എത്തിച്ചിരുന്നത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതില്‍ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസെടുത്തത്.

നിലവില്‍ സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ പണമിടപാട്,  കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലാണ്  ശിവശങ്കറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഈന്തപ്പഴം വിതരണം ചെയ്ത കേസിലും ശിവശങ്കറിനെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി പി.എസ് സരിത്, മൂന്നാം പ്രതി കെ.ടി റമീസ്, മറ്റ് പ്രധാന പ്രതികളായ ജലാല്‍, അംജത് അലി, സെയ്തലവി, ടി.എം. ഷംജു, മുഹമ്മദ് ഷാഫി എന്നിവര്‍ക്കെതിരെ കൊഫേപോസ ചുമത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.  ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയാലുടന്‍ എറണാകുളം, വിയ്യൂര്‍ ജയിലുകളില്‍ നിന്ന് ഇവരെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും.