കയ്യാങ്കളിയിലെ സുപ്രീംകോടതി വിധി : രാജിവയ്ക്കില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

Jaihind Webdesk
Wednesday, July 28, 2021

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിവയ്ക്കില്ലെന്ന് മന്ത്രി.വി.ശിവന്‍കുട്ടി. വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും സുപ്രീംകോടതി മറ്റ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ലെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കേസില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശിവന്‍കുട്ടിക്ക് മന്ത്രിയായി തുടരാന്‍ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ശിവന്‍കുട്ടിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പിയും ആവശ്യപ്പെട്ടു. കേസിന് പൊതുപണം ഉപയോഗിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണം. ഭരണഘടനയുടെ അന്തസും ആഭിജാത്യവും ഉയര്‍ത്തിക്കാട്ടിയ വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി ശിവന്‍കുട്ടി ഉടന്‍ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. താന്‍ നിരന്തരമായി നിയമപോരാ‍ട്ടം നടത്തിയിരുന്നില്ലെങ്കില്‍ കേസ് ഇല്ലാതാക്കുമായിരുന്നുവെന്നും അദ്ദേഹം  മാധ്യമങ്ങളോട് പറഞ്ഞു.