ശിവഗിരി ടൂറിസം പദ്ധതി പുനഃസ്ഥാപനം ; കെ.പി.സി.സി. ഒ.ബി.സി ഡിപ്പാർട്മെന്‍റിന്‍റെ വിജയം: സുമേഷ് അച്യുതൻ

Jaihind News Bureau
Monday, June 29, 2020

 

പാലക്കാട്: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയ നടപടി കേന്ദ്ര സർക്കാർ പിൻവലിക്കാൻ നിർബന്ധിതമായത്
കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്മെന്‍റിന്‍റെ തുടർ സമരങ്ങളുടെ വിജയമെന്ന് ചെയർമാൻ സുമേഷ് അച്യുതൻ.
ശ്രീനാരായണീയരുടെ വോട്ട് തട്ടാൻ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് അന്നത്തെ കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനം 70 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്തു . എന്നാൽ ന്യായമല്ലാത്ത കാരണം പറഞ്ഞ് രണ്ടു മാസം മുൻപ് പദ്ധതി റദ്ദാക്കിയതായി കേന്ദ്ര സർക്കാർ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്മെന്‍റ് സമര പരമ്പരകൾ തന്നെ നടത്തുകയുണ്ടായി.

തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനു മുൻപിൽ സംസ്ഥാന ചെയർമാൻ 24 മണിക്കൂർ നിരാഹാരം അനുഷ്ഠിച്ചു.തുടർന്ന് ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്ക് ആസ്ഥാനങ്ങളിലും ഗുരുദേവൻ്റെ കണ്ണാടി പ്രതിഷ്ഠയെ അനുസ്മരിച്ച് കണ്ണാടി സമരങ്ങൾ നടത്തി. എന്നിട്ടും കണ്ണു തുറക്കാത്ത ഭരണക്കാർക്കെതിരെ അരുവിപ്പുറത്തു നിന്നു ചെമ്പഴന്തി വഴി 80 കിലോ മീറ്റർ പദയാത്രയായി സംസ്ഥാന ചെയർമാന്‍റെ  നേതൃത്വത്തിൽ ശിവഗിരിയിലേക്ക് ധർമ്മയാത്ര നടത്തി. ഈ സമരങ്ങൾ ഭരണക്കാർക്ക് താക്കീതു നൽകി. കക്ഷി രാഷ്ട്രീയത്തിനപ്പുറം നിരവധി പേരാണ് പദയാത്രയ്ക്ക് പിന്തുണയുമായെത്തിയത് . അതു മനസ്സിലാക്കി തെറ്റു തിരുത്താൻ കേന്ദ്ര സർക്കാർ നിർബന്ധിതരായി. ഈ ധർമ്മ സമരങ്ങൾക്ക് നേരിട്ടും അല്ലാതെയും നിരവധി പേർ പിന്തുണ നൽകി. അവർക്കെല്ലാം ഈ വേളയിൽ പ്രത്യേകം നന്ദി അറിയിക്കുന്നു. സമരങ്ങള തണുപ്പിക്കാനുള്ള സൂത്രപണിയാണ് ഇപ്പോഴത്തെ പിൻ വാങ്ങലെങ്കിൽ വലിയ സമരങ്ങൾക്കു നേതൃത്വം നൽകുമെന്നും സുമേഷ് അച്യുതൻ പറഞ്ഞു.