നിർമ്മല സീതാരാമന്‍റെ അഭാവം കൊണ്ടു കൂടി ശ്രദ്ധേയമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നീതി ആയോഗില്‍ നടന്ന കൂടിക്കാഴ്ച

Jaihind News Bureau
Thursday, January 9, 2020

കേന്ദ്ര ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഉന്നത സാമ്പത്തിക വിദഗ്ധരുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ച ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അഭാവം കൊണ്ടു കൂടി ശ്രദ്ധേയമായി. ആഭ്യന്തരമന്ത്രി അമിത് ഷാ, വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, ഗതാഗത, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രി നിതിൻ ഗഡ്കരി എന്നിവരാണ് നീതി ആയോഗ് യോഗത്തിൽ പങ്കെടുത്തത്. ബജറ്റിന് മുന്നോടിയായി പതിവായി സര്‍ക്കാര്‍ എല്ലാ വര്‍ഷവും നടത്തുന്നതാണ് ഇത്തരമൊരു കൂടിക്കാഴ്ച. നേരത്തെ, ജൂണില്‍ പ്രധാനമന്ത്രി മോദി രാജ്യത്തെ 40 ഉന്നത സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

എന്നാല്‍ നീതി ആയോഗില്‍ കൂടിക്കാഴ്ച നടക്കുമ്പോള്‍ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടിയിലെ സഹപ്രവർത്തകർക്കൊപ്പം തിരക്കിലായിരുന്നു ധനമന്ത്രി നിർമ്മല സീതാരാമന്‍. നിക്ഷേപത്തിലും ഉപഭോഗത്തിലും ഗണ്യമായ ഇടിവുണ്ടായതിനെത്തുടർന്ന് സമ്പദ്‌വ്യവസ്ഥ 11 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക്, വെറും 5 ശതമാനത്തിലേയ്ക്ക് താഴുമെന്ന് കണക്കാക്കപ്പെടുന്ന ഈ സമയത്താണ് നിർമ്മലാ സീതാരാമന്‍റെ രണ്ടാമത്തെ ബജറ്റ് എത്തുന്നത്. മാന്ദ്യത്തിനിടയിൽ കേന്ദ്ര ബജറ്റിനായി തയ്യാറെടുക്കുമ്പോൾ പ്രാക്ടീഷണർമാരുമായും നേതാക്കളുമായും വിശാലമായ അടിസ്ഥാനപരമായ ചർച്ചകളിൽ ഏർപ്പെടാനുള്ള മോദി സർക്കാരിന്‍റെ നടപടികളുടെ ഭാഗമായതിനാൽ യോഗം വളരെയേറെ പ്രാധാന്യമർഹിച്ചിരുന്നു.