
ദേശീയ തലത്തില്‍ നടപ്പാക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. എസ്.ഐ.ആര്‍. നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് സര്‍ക്കാര്‍ ഹര്‍ജി നല്‍കുക. ഇതുമായി ബന്ധപ്പെട്ട് ഡി.എം.കെ. വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള നിര്‍ണായക തീരുമാനം ഉണ്ടായത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രം എസ്.ഐ.ആര്‍. നടത്തിയാല്‍ മതിയെന്നാണ് തമിഴ്നാടിന്റെ പ്രധാന ആവശ്യം. നിലവിലെ നടപടികള്‍ സമയബന്ധിതമല്ലാത്തതിനാല്‍ വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും, വോട്ടര്‍മാരുടെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ഭയക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും തമിഴ്നാട് സര്‍ക്കാര്‍ യോഗത്തില്‍ ആരോപിച്ചു. ഈ നീക്കത്തിലൂടെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ഡി.എം.കെ. അഭിപ്രായപ്പെട്ടു. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ. വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ 49 രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്തു. എസ്.ഐ.ആറിനെതിരായ പ്രമേയം യോഗത്തില്‍ പാസാക്കി. എന്നാല്‍, സംസ്ഥാനത്തെ പ്രധാന കക്ഷികളായ ബി.ജെ.പി., എ.ഐ.എ.ഡി.എം.കെ. പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ടി.വി.കെ., എന്‍.ടി.കെ., എ.എം.എം.കെ. തുടങ്ങിയ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തില്ല. തമിഴ്നാട് സര്‍ക്കാരിന്റെ ഈ നിയമപരമായ നീക്കം വരും ദിവസങ്ങളില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്.
രാജ്യവ്യാപകമായി നടപ്പാക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണമായ എസ്‌ഐആര്‍ നടപടികള്‍ക്കെതിരെ കേരളം നേരത്തേതന്നെ പ്രമേയം പാസാക്കിയിരുന്നു. എങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തെ എസ്.ഐ.ആറില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി