സഖ്യകക്ഷികൾ ബി.ജെ.പിയെ കയ്യൊഴിയുന്നു; മോദി പ്രധാനമന്ത്രിയായതിന് ശേഷം NDA വിട്ടത് 16 പാർട്ടികൾ

webdesk
Friday, January 11, 2019

 

നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം എൻ.ഡി.എ വിടുന്ന പാർട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായത് ബി.ജെ.പി ക്യാമ്പുകളെ ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞയാഴ്ച സഖ്യം വിട്ട അസം ഗണ പരിഷത് (എ.ജി.പി) മോദി പ്രധാനമന്ത്രിയായതിന് ശേഷം സഖ്യം വിട്ടുപോകുന്ന പതിനാറാമത്തെ പാർട്ടിയാണ്. ചൊവ്വാഴ്ച ലോക്‌സഭയിൽ പാസാക്കിയ പൗരത്വബില്ലിന്മേലുള്ള വിയോജിപ്പിനെ തുടർന്നാണ് അസം ഗണപരിഷത് എൻ.ഡി.എ വിട്ടത്. ബില്ലിന്‍റെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും ബി.ജെ.പി തങ്ങളുടെ ആവശ്യം പരിഗണിക്കാതെ ബില്ലുമായി മുന്നോട്ടുപോയതോടെ സഖ്യം വിടുകയല്ലാതെ മറ്റ് മാർഗമില്ലാതെയായെന്ന് എ.ജി.പി പ്രസിഡന്റ് അതുൽ ബോറ വ്യക്തമാക്കി.

സഖ്യത്തിലെ ചെറുകക്ഷികളുടെ ആവശ്യങ്ങളും നിർദേശങ്ങളും അവഗണിക്കുന്ന ബി.ജെ.പിയുടെ നിലപാടിനോട് കടുത്ത പ്രതിഷേധമാണ് ചെറു പാർട്ടികൾക്കിടയിൽ നിലനിൽക്കുന്നത്. ഇനിയും അഞ്ചോളം പാർട്ടികൾ എൻ.ഡി.എ വിടാൻ തയാറെടുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ എൻ.ഡി.എയുടെ കെട്ടുറപ്പ് ഭീഷണിയിലാണെന്നതാണ് പാർട്ടികളുടെ കൊഴിഞ്ഞുപോക്ക് വ്യക്തമാക്കുന്നത്. സഖ്യത്തിൽനിന്നുള്ള കക്ഷികളുടെ പിന്മാറ്റം ബി.ജെ.പിയെ തെല്ലൊന്നുമല്ല അലട്ടുന്നത്.

എൻ.ഡി.എയിലെ സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്ക് ആരംഭിച്ചത് ഈയടുത്ത കാലത്തല്ല. മോദി അധികാരമേറ്റതിന് പിന്നാലെ അമിത് ഷാ – മോദി സംഘം മുന്നണിയിൽ നടത്തിയ സേച്ഛാധിപത്യ സമീപനങ്ങളാണ് ചെറുപാർട്ടികളിൽ നിന്നും എതിർപ്പുയരാൻ കാരണമായത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്കിപ്പുറം ഹരിയാന ജൻഹിത് കോൺഗ്രസാണ് ആദ്യം എൻ.ഡി.എ ബന്ധം ഉപേക്ഷിച്ചത്. ബി.ജെ.പി വഞ്ചകരുടെ പാർട്ടിയാണെന്ന് ആരോപിച്ച് ഇവർ കൂട്ടുപിരിഞ്ഞതിനു പിന്നാലെ എം.ഡി.എം.കെയും സഖ്യമുപേക്ഷിച്ചു പുറത്തുപോയി. ബി.ജെ.പി തമിഴ്ജനതയ്ക്ക് എതിരെയാണ് പ്രവർത്തിക്കുതൊയിരുന്നു പാർട്ടി അധ്യക്ഷൻ വൈകോയുടെ ആക്ഷേപം.

വിജയകാന്തിന്‍റെ ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴഗമായിരുന്നു (ഡി.എം.ഡി.കെ) പിന്നീട് എൻ.ഡി.എയുമായുള്ള സഖ്യം അവസാനിപ്പിച്ചത്. എൻ.ഡി.എ മുന്നണിക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ 14 സീറ്റുകളും ഡി.എം.ഡി.കെയ്ക്ക് നഷ്ടമായിരുന്നു. സമാനമായ രീതിയിൽ 2016ലെ തമിഴ്‌നാട് നിയമഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എസ് രാമദോസ് നേതൃത്വം നൽകുന്ന പട്ടാലി മക്കൾ കച്ചിയും (പി.എം.കെ) സഖ്യം ഉപേക്ഷിച്ചു.

തെലുങ്ക് സൂപ്പർ സ്റ്റാർ പവൻ കല്യാണിന്‍റെ ജനസേനാ പാർട്ടിയുടെ ഊഴമായിരുന്നു അടുത്തത്. തുടക്കത്തിൽ ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തിയെങ്കിലും അധികം വൈകാതെ തന്നെ ജനസേനാ പാർട്ടിയും ബി.ജെ.പിയുമായി സഖ്യം വേണ്ടന്ന് തീരുമാനിക്കുകയായിരുന്നു.

കേരളത്തിൽ ആർ.എസ്.പി ബിയും ആദിവാസി നേതാവ് സി.കെ ജാനുവിന്‍റെ ജനാധിപത്യ രാഷ്ട്രീയ സഭയും 2016ൽ തന്നെയാണ് എൻ.ഡി.എയുമായി കൂട്ടുപിരിഞ്ഞത്. ആദിവാസി സമൂഹത്തിന് നൽകിയ വാഗ്ദാനങ്ങൾ എൻ.ഡി.എ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധസൂചകമായാണ് സി.കെ ജാനുവിന്‍റെ പാർട്ടി സഖ്യം ഉപേക്ഷിച്ചത്.

തൊട്ടടുത്ത വർഷം മഹാരാഷ്ട്രയിലെ സ്വാഭിമാനി പക്ഷയുടെ മുന്നണി വിട്ടു. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്‍റെ കർഷകവിരുദ്ധ നിലപാടിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയാണ് തങ്ങൾ പുറത്തുപോകുതെ് പാർട്ടി അധ്യക്ഷനും എം.പിയുമായ രാജു ഷെട്ടി വ്യക്തമാക്കി.

ബിഹാർ ഹിന്ദുസ്ഥാൻ അവം മോർച്ചയായിരന്നു 2018 ല്‍ എന്‍.ഡി.എയില്‍നിന്നുള്ള  കൊഴിഞ്ഞുപോക്കിന് തുടക്കം കുറിച്ചത്. പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചിയുടെ രാജ്യസഭാ സീറ്റിനുള്ള ആവശ്യം നിരാകരിച്ചതോടെ എൻ.ഡി.എ വിട്ട് ആർ.ജെ.ഡി നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനൊപ്പം അവർ ചേരുകയായിരുന്നു. തുടർന്ന് ഫെബ്രുവരിയിൽ നാഗാലാൻഡ് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലയളവിൽ നാഗാ പീപ്പിൾസ് ഫ്രണ്ട് ബി.ജെ.പിയുമായുള്ള 15 വർഷത്തെ സഖ്യം ഉപേക്ഷിച്ചു.

തൊട്ടടുത്ത മാസമായിരുന്നു എൻ.ഡി.എക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേതൃത്വം നൽകുന്ന തെലുങ്ക് ദേശം പാർട്ടി വഴിപിരിഞ്ഞത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്ന ദീർഘനാളായുള്ള ആവശ്യം കേന്ദ്രം നിരാകരിച്ചതോടെയായിരുന്നു തീരുമാനം. മാർച്ചിൽ തന്നെ ബംഗാളിലെ ഗോർഖ ജനമുക്തി മോർച്ചയും എൻ.ഡി.എ വിട്ടു. ഗോർഖകളെ ബി.ജെ.പി വഞ്ചിച്ചെന്ന് ആരോപണമുയർത്തിയാണ് ജി.ജെ.എം ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടിയും (കെ.പി.ജെ.പി) ബി.ജെ.പി സഖ്യത്തിൽ നിന്നും വിട പറഞ്ഞു. ജനതാദൾ എസ് – കോൺഗ്രസ് സഖ്യവുമായി ചേർന്നുപ്രവർത്തിക്കുമെന്നും കെ.പി.ജെ.പി വ്യക്തമാക്കി. ഡിസംബറിൽ എൻ.ഡി.എ വിട്ട രാഷ്ട്രീയ ലോക് സമതാ പാർട്ടി യു.പി.എയിൽ ചേക്കേറി. തങ്ങളുടെ പാർട്ടിയെ ബി.ജെ.പി നിരന്തരമായി താറടിച്ചുകാണിക്കുതിൽ പ്രതിഷേധിച്ചാണ് എൻ.ഡി.എ വിടുന്നതെന്ന് ആർ.എൽ.എസ്.പി നേതാവ് ഉപേന്ദ്ര കുശ്‌വഹ വ്യക്തമാക്കി. തൊട്ടുപിന്നാലെ ബിഹാറിൽ അമിത് ഷായുടെ അടുപ്പക്കാരന്നെ് അറിയപ്പെട്ടിരുന്ന മുകേഷ് സാഹ്നി നേതൃത്വം നൽകുന്ന വികഷീൽ ഇൻസാൻ പാർട്ടിയും എൻ.ഡി.എ ബന്ധം ഉപേക്ഷിച്ചു.

ചെറുകക്ഷികൾ മുന്നണി ബന്ധം വിച്ഛേദിച്ച് പുറത്തുപോകുന്നതിനിടയിൽ ബി.ജെ.പി നേതൃത്വം ഇടപെട്ട് തങ്ങളുടെ സഖ്യകക്ഷിയെ പുറത്താക്കുന്ന നടപടിയും കാശ്മീരിൽ ഉടലെടുത്തു. ജമ്മു-കാശ്മീരിൽ ബി.ജെ.പിയുടെ എക്കാലത്തെയും സഖ്യകക്ഷിയായ പി.ഡി.പിയുമായുള്ള(പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടി) ബന്ധം 2018 ജൂണിൽ മോദി- അമിത്ഷാ സംഘം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ബി.ജെ.പി പിന്തുണയോടെ ഭരണം നടത്തിയ മെഹ്ബൂബ മുഫ്തിയുമായുള്ള ബന്ധം വഷളായതിനെ തുടർന്നായിരുന്നു ബി.ജെ.പി ദേശീയ നേതൃത്വം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സംസ്ഥാനത്തെ ഭരണം നഷ്ടപ്പെട്ട പി.ഡി.പി അവരുടെ ബദ്ധവൈരികളായ നാഷണൽ കോൺഫറൻസും കോൺഗ്രസുമായും സഖ്യനീക്കത്തിന് ശ്രമിച്ചിരുന്നു. എന്നാൽ ജമ്മു-കാശ്മീർ ഗവർണർ സത്യപാൽ മാലിക്ക് നിയമ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിന് ശുപാർശ നൽകുകയായിരുന്നു.

സഖ്യം ഉപേക്ഷിക്കുമെന്ന ഭീഷണിയുമായി പാർട്ടികള്‍:

നിരവധി പാർട്ടികളാണ് ഇനിയും എൻ.ഡി.എ വിടുമെന്ന് ഭീഷണി ഉയർത്തുന്നത്.
ശിവസേന, അപ്നാദൾ, ഓം പ്രകാശ് രാജ്ഭർ നേതൃത്വം നല്‍കുന്ന സുഹ്‌ദേൽ ഭാരതീയ സമാജ് പാർട്ടി, റാം വിലാസ് പസ്വാൻ നയിക്കുന്ന ബിഹാറിലെ ലോക് ജനശക്തി പാർട്ടി,
മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി തുടങ്ങി നിരവധി പാര്‍ട്ടികളാണ് ഇനിയും എന്‍.ഡി.എ വിടാന്‍ തയാറായി നില്‍ക്കുന്നത്.