സില്‍വർ ലൈന്‍ പാക്കേജായി; 2 വർഷത്തിനകം ഭൂമി ഏറ്റെടുക്കല്‍ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി

Jaihind Webdesk
Tuesday, January 4, 2022

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയിൽ ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്നവർക്കും വാണിജ്യസ്ഥാപനങ്ങൾക്കും വാടകക്കാർക്കും പ്രത്യേകം തുക അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വാസസ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് 4.60 ലക്ഷം രൂപയ്ക്ക് പുറമേ നഷ്ടപരിഹാരം അല്ലെങ്കില്‍ നഷ്ടപരിഹാരവും 1,50,000 രൂപയും ലൈഫ് മാതൃകയില്‍ വീടും നിര്‍മിച്ചു നല്‍കും. വാസസ്ഥലം നഷ്ടമാകുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും 5 സെന്‍റ് ഭൂമിയും ലൈഫ് പദ്ധതി പ്രകാരം വീടും നൽകും. കാലിത്തൊഴുത്തുകൾ പൊളിച്ചു നീക്കിയാൽ 25000 മുതൽ 50000 രൂപ വരെ നൽകും. വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരവും 50,000 രൂപയും വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കും.പദ്ധതി ബാധിക്കുന്ന കുടുംബങ്ങളിലെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പദ്ധതിയിലെ നിയമനങ്ങളിൽ മുൻഗണന എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങൾ.

കെ റെയിൽ പദ്ധതിയിലെ എതിർപ്പുകളെ മറികടക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ ആദ്യ യോഗത്തിലാണ്  പാക്കേജുകള്‍ പ്രഖ്യാപിച്ചത്. പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വീണ്ടും ആവർത്തിച്ചു. 2025 ല്‍ പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. രണ്ട് വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി അടുത്ത 3 മൂന്ന് വർഷം കൊണ്ട് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പദ്ധതിയുടെ ഡിപിആർ പുറത്തു വിടേണ്ട ആവശ്യമില്ലെന്ന് കെ റെയിൽ മാനേജിംഗ് ഡയറക്ടർ സി.ബി അജിത്കുമാർ പറഞ്ഞു.