പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തെ ട്രോളിയാണ് ഇന്നും സോഷ്യല്‍ മീഡിയ ഉണര്‍ന്നത്. ദ ടെലിഗ്രാഫ് പത്രത്തിന്റെ ആദ്യ പേജാണ് ഇന്നത്തെ താരം. മോദിയുടെ വാര്‍ത്താ സമ്മേളനത്തെ ഏറെ രസകരമായും ആക്ഷേപഹാസ്യരൂപേണയുമാണ് ടെലഗ്രാഫ് ചിത്രീകരിച്ചിരിക്കുന്നത്.
12 മിനിറ്റ് മാത്രം നീണ്ട ആത്മഗതത്തിനൊടുവിലുള്ള 18 മിനിറ്റ് വാര്‍ത്താസമ്മേളനത്തിലെ മോദിയുടെ വിവിധ ഭാവങ്ങളാണ് ടെലിഗ്രാഫ് രസകരമായി ഒപ്പിയെടുത്തിരിക്കുന്നതും. വാര്‍ത്താസമ്മേളനത്തില്‍ മോദി നല്‍കിയ മറുപടിയുടെ പ്രസക്ത ഭാഗങ്ങള്‍ എന്ന പേരില്‍ എട്ടുകോളം ഇടം ഒഴിച്ചിട്ടുമാണ് ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടിങ്. ഇതിന് തൊട്ടുതാഴെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി രാഹുല്‍ ഗാന്ധി എന്ന തലക്കെട്ടോടു കൂടി രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന്റെ വാര്‍ത്ത കൂടി നല്‍കിയപ്പോള്‍ അതിന് ഏറെ മാനങ്ങളാണ് കല്‍പ്പിക്കപ്പെടുന്നത്. 1817 ദിവസങ്ങള്‍ നീണ്ട മൗനത്തിനൊടുവിലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി എത്തുന്നത്. അതായത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യത്തെ വാര്‍ത്താസമ്മേളനം. എന്നിട്ടും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഞാന്‍ ഒരു അച്ചടക്കമുള്ള പ്രവര്‍ത്തകനാണ്. പാര്‍ട്ടിക്ക് എല്ലാം അധ്യക്ഷനാണ്. അതുകൊണ്ട് എല്ലാ കാര്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കുമെന്ന് പറഞ്ഞ് വിദഗ്ധമായി മോദി ഒഴിഞ്ഞുമാറുകയായിരുന്നു. മൂന്ന് വട്ടം മോദിക്ക് നേരെ ചോദ്യവുമായി മാധ്യമ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും ആംഗ്യത്തിലൂടെയും തലതിരിക്കലിലൂടെയും മോദി അമിത്ഷായെ ആ ചുമതല ഏല്‍പ്പിക്കുകയാണ്. 23 ന് സോണിയ ഗാന്ധി വിളിച്ച യോഗവും റഫേലുമുള്‍പ്പെടെയുള്ള നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അപ്പോഴെല്ലാം ഇതൊന്നും ബാധിക്കുന്ന പ്രശ്‌നമേയല്ല എന്ന മട്ടിലുള്ള മോദിയുടെ ഇരിപ്പാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ മാധ്യമങ്ങളേടുള്ള സമീപനത്തെ അഭിനന്ദിക്കുന്ന രീതിയില്‍ നല്‍കാനും ടെലിഗ്രാഫ് ശ്രദ്ധിച്ചിട്ടുണ്ട്. ചോദ്യം ഉത്തരം രീതിയില്‍ തന്നെ പത്രം വാര്‍ത്തനല്‍കി. ഏതായാലും രാജ്യം അവസാന ഘട്ടം വിധിയെഴുതാന്‍ തയ്യാറെടുക്കുമ്പോള്‍ നാടകീയതയുമായെത്തിയ മോദിക്ക് കനത്ത പ്രഹരമാണ് പത്രങ്ങളും സോഷ്യല്‍ മീഡിയയും നല്‍കിയത്.