‘ഒരുപാട് ഉത്തരങ്ങളേക്കാള്‍ നല്ലത് മൗനം’ : ഗുണ്ടാ നേതാവ് വികാസ് ദുബെ കൊല്ലപ്പെട്ട സംഭവത്തില്‍ വിമര്‍ശനവുമായി രാഹുലും പ്രിയങ്കയും

Jaihind News Bureau
Friday, July 10, 2020

പൊലീസ് ഏറ്റുമുട്ടലില്‍ ഗുണ്ടാ നേതാവ് വികാസ് ദുബെ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. നിരവധി ഉത്തരങ്ങളേക്കാള്‍ മൗനം പാലിക്കുന്നതാണ് നല്ലതെന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

വെറും രണ്ടു വരിയിലൊതുക്കിയ പ്രതികരണത്തില്‍, എത്ര ചോദ്യങ്ങള്‍ അന്തസ്സ് സംരക്ഷിച്ചുവെന്നറിയില്ലെന്നും രാഹുല്‍ പറയുന്നുണ്ട്.

ദുബെയുടെ മരണത്തിന് കാരണമായ ഏറ്റുമുട്ടലിന്‍റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സംഭവത്തില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജി അന്വേഷണം നടത്തണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയും ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും പ്രിയങ്ക ആഞ്ഞടിച്ചു. ‘ഉത്തര്‍പ്രദേശിനെ ബിജെപി ഒരു ക്രിമിനല്‍ സംസ്ഥാനമായി മാറ്റിയതെങ്ങനെയെന്നതിന് രാജ്യം മുഴുവന്‍ സാക്ഷ്യം വഹിക്കുകയാണ്. അവരുടെ തന്നെ സര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കൊലപാതകങ്ങളിലും ഒന്നാമതാണ് സംസ്ഥാനം.

ഇതാണ് സംസ്ഥാനത്തിന്‍റെ അവസ്ഥ. ക്രമസമാധാനനില സംസ്ഥാനത്ത് വഷളായിരിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ വികാസ് ദുബെയെപ്പോലുള്ള കുറ്റവാളികള്‍ വളരുകയാണ്. അവരെ നിയന്ത്രിക്കാന്‍ ആരുമില്ല. എല്ലാവര്‍ക്കുമറിയാം അധികാരത്തിലുള്ളവരില്‍ നിന്ന് അവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന്.’ പ്രിയങ്ക പറഞ്ഞു. ദുബെയുടെ മരണത്തോടെ കൊല്ലപ്പെട്ട എട്ടു പോലീസുകാരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് എങ്ങനെ ഇനി ഉറപ്പു നല്‍കാനാകുമെന്നും അവര്‍ ചോദിച്ചു.