സിക്കിമില്‍ വീണ്ടും മിന്നല്‍പ്രളയത്തിന് സാധ്യത; ഒഴുകിവരുന്ന ആയുധങ്ങളും വെടിക്കോപ്പുകളും എടുക്കരുതെന്നും മുന്നറിയിപ്പ്


സിക്കിമില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യതയെന്ന് സര്‍ക്കാര്‍. ഇതോടെ സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം നല്‍കി. ചുങ്താങ്ങില്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സൈനികരടക്കം കാണാതായ നൂറിലധികം പേര്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു. 19 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇതിനിടെ ടീസ്ത നദിയിലൂടെ ഒഴുകിവന്ന മോട്ടാര്‍ ഷെല്‍ പൊട്ടിത്തെറിച്ച്് ബംഗാളില്‍ രണ്ട് പേര്‍ മരിച്ചു.
മിന്നല്‍ പ്രളയം ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ ആഘാതത്തിലാണ് സിക്കിം. മഞ്ഞ് ഉരുകി രൂപപ്പെട്ട നദികള്‍ ഇനിയും പൊട്ടി ഒഴുകിയേക്കാമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ജനം ദുരിതാശ്വാസ ക്യാന്പുകളില്‍ തന്നെ കഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ച് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 7 എണ്ണം ലാച്ചന്‍ ക്യാമ്പിലുണ്ടായിരുന്ന സൈനികരുടേതാണെന്നാണ് വിവരം.14 പേരാണ് ചുങ്താങ്ങിലെ തകര്‍ന്ന ഡാമിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്. എന്‍ഡിആര്‍എഫ് സംഘം ചുങ് താങ്ങിക്ക് പുറപ്പെട്ടു. സിക്കിമില്‍ ദുരന്തമുണ്ടായ മേഖലകളില്‍ മഴ കുറഞ്ഞു. കുടുങിയ വിനോദസഞ്ചാരികള്‍ ഉള്‍പ്പടെയുള്ള 7000 പേരെ ഹെലികോപ്റ്റര്‍ വഴി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നുണ്ട്.

ഒഴുകിവരുന്ന ആയുധങ്ങളോ വെടിക്കോപ്പുകളോ എടുക്കരുത് എന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഒലിച്ചുപോയ ലാച്ചന്‍ സൈനിക ക്യാമ്പിലെ ആയുധങ്ങളാകാമെന്നാണ് വിലയിരുത്തല്‍. സൈനിക വാഹനങ്ങളില്‍ ഭൂരിഭാഗവും കണ്ടെത്തിയിരുന്നു. ബംഗാളിലും പ്രളയക്കെടുതി തുടരുകയാണ്.

Comments (0)
Add Comment