സർക്കാർ തങ്ങളെ ചതിച്ചു; ആന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു, ക്ലിഫ് ഹൗസിനു മുന്നിൽ പ്രതിഷേധിക്കുമെന്ന് സിദ്ധാർത്ഥന്‍റെ പിതാവ്

തിരുവനന്തപുരം: സർക്കാർ തങ്ങളെ ചതിച്ചെന്ന് സിദ്ധാർത്ഥന്‍റെ കുടുംബം. ആഭ്യന്തര വകുപ്പ് തന്നെ പറഞ്ഞു പറ്റിച്ചെന്നും ഭാര്യയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ക്ലിഫ് ഹൗസിനു മുന്നിൽ പ്രതിഷേധിക്കുമെന്നും സിദ്ധാർത്ഥന്‍റെ പിതാവ് ജയപ്രകാശ്. സിദ്ധാർത്ഥന്‍റെ 41 ആം ദിനത്തിലെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം നെടുമങ്ങാട്ടെ വസതിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അകാലത്തിൽ പൊലിഞ്ഞ പ്രിയപുത്രന്‍റെ വേർപാടിൽ വിലപിക്കുമ്പോഴും മകന് നീതി തേടിയുള്ള യാത്ര തുടരുകയാണ് സിദ്ധാർത്ഥന്‍റെ കുടുംബം. സിദ്ധാർത്ഥന്‍റെ വേർപാടിന്‍റെ 41 ആം ദിനം സിദ്ധാർത്ഥ് അന്ത്യവിശ്രമം കൊള്ളുന്ന കുടുംബവീട്ടുവളപ്പിൽ വിവിധ ചടങ്ങുകൾ നടന്നു. ചടങ്ങുകൾക്കിടയിൽ പ്രിയ പുത്രന്‍റെ വേർപാടിൽ വിലപിച്ച സിദ്ധാർത്ഥന്‍റെ മാതാവ് തളർന്നു വീണു.

ആരോപണ വിധേയനായ അക്ഷയെ സംരക്ഷിക്കുകയാണെന്നും തങ്ങൾ ചൂണ്ടിക്കാട്ടിയ പെൺകുട്ടികളെ അന്വേഷണ പരിധിയിൽ കൊണ്ടുവന്നിട്ടില്ലെന്നും സിദ്ധാർത്ഥന്‍റെ കുടുംബം കുറ്റപ്പെടുത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയേയും പ്രതിചേർത്ത് അന്വേഷണം നടത്തണമെന്ന് ജയപ്രകാശ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രത്യക്ഷ സമരം ഉൾപ്പെടെ മകന് നീതി തേടിയുള്ള യാത്രകളും പ്രതിഷേധങ്ങളും തുടരുവാനാണ് കുടുംബം ലക്ഷ്യമിട്ടിരിക്കുന്നത്.

Comments (0)
Add Comment