സിദ്ധാർത്ഥന്‍റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് അമ്മ ഹൈക്കോടതിയിൽ

 

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ  സിദ്ധാർത്ഥന്‍റെ മരണത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് അമ്മ ഹൈക്കോടതിയിൽ.  മകന്‍റെ മരണകാരണം ഇപ്പോഴും വ്യക്തമല്ല. കേസില്‍ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സിദ്ധാർത്ഥന്‍റെ അമ്മ വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.

നേരത്തെ, കേസിൽ സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. സിദ്ധാർത്ഥന്‍റെ മരണ കാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ ഡല്‍ഹി എയിംസിൽ നിന്ന് വിദഗ്ധോപദേശം തേടിയിരുന്നു. സിദ്ധാർത്ഥനെതിരെ ആൾക്കൂട്ട വിചാരണയാണ് നടന്നതെന്നും 2 ദിവസം ന​ഗ്നനാക്കി മർദിച്ചുവെന്നും അടിയന്തര വൈദ്യസഹായം നൽകിയില്ലെന്നുമാണ് സിബിഐ പ്രാഥമിക കുറ്റപത്രത്തില്‍ പറഞ്ഞത്. സിദ്ധാർത്ഥന്‍റെ  ദാരുണ മരണം നടന്ന കുളിമുറിയുടെ വാതിൽ പൊട്ടിയ നിലയിലും പൂട്ട് ഇളകിയ നിലയിലുമെന്നാണ് കുറ്റപത്രത്തിൽ സിബിഐ വ്യക്തമാക്കിയത്.

ഫെബ്രുവരി 18-ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജിലെ റാഗിംഗിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥന്‍ മരണപ്പെട്ടത്. സിദ്ധാർത്ഥന്‍റെ കുടുംബം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേസ് സിബിഐക്ക് കെെമാറിയത്.

Comments (0)
Add Comment