സിദ്ധരാമയ്യ നിയമസഭാകക്ഷി നേതാവ്: സർക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവർണർ; സത്യപ്രതിജ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന്

Jaihind Webdesk
Thursday, May 18, 2023

 

ബംഗളുരു: കർണാടകയിൽ സിദ്ധരാമയ്യയെ കോൺഗ്രസ് നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തു. കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡി.കെ ശിവകുമാർ ആണ് സിദ്ധരാമയ്യയുടെ പേര് നിർദേശിച്ചത്. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ഗവർണറെ കണ്ടു. സര്‍ക്കാരുണ്ടാക്കാനായി ഗവർണര്‍ താവർചന്ദ് ഗെഹ്‌ലോട്ട്‌ സിദ്ധരാമയ്യയെ ക്ഷണിച്ചു.

ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങളിൽ നിന്ന് നാലു മന്ത്രിമാർ വീതവും മുസ്‌ലിം സമുദായത്തിൽനിന്ന് മൂന്നു മന്ത്രിമാരും ഉണ്ടാകും. ദളിത് വിഭാഗത്തിൽനിന്ന് അഞ്ചുപേർക്കും സാധ്യതയുണ്ട്. ശനിയാഴ്ചയാണ് ഉച്ചയ്ക്ക് 12.30ന് ബംഗളുരുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഏക ഉപ മുഖ്യമന്ത്രിയായി പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാറും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കുന്ന ഡി.കെ ശിവകുമാർ പാർലമെന്‍റ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പിസിസി അധ്യക്ഷനായി തുടരുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി നേരത്തെ അറിയിച്ചിരുന്നു.