കൊലക്കേസ് പ്രതി എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍. കൊലപാതക രാഷ്ട്രീയത്തിനോടുള്ള സിപിഎം നേതാക്കളുടെയും അനുബന്ധ രാഷ്ട്രീയ സംഘടനകളുടെയും സമീപനം ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നതാണ് എസ്എഫ്ഐയുടെ നടപടി. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പടുത്തിയ കേസിലെ പ്രതിയെയാണ് എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൊല നടത്തുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാര്‍ട്ടി നിലപാട് എന്ന ആരോപണത്തെ വീണ്ടും അരക്കിട്ടുറപ്പിക്കുന്നതാണ് ഈ നടപടി.
ഷുഹൈബ് വധക്കേസിലെ പന്ത്രണ്ടാം പ്രതി പി.കെ.അഭിനാഷിനെയാണ് ജില്ലാ സെക്രട്ടേറിയറ്റിലേയ്ക്ക് തെരഞ്ഞെടുത്തത്. ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനത്തിന്റേതാണ് തീരുമാനം. മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകര്‍ പ്രതികളായുള്ള കേസില്‍ കൊലപാതകത്തിനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുള്ള ആളാണ് അഭിനാഷ്. പൊലീസ് അറസ്റ്റു ചെയ്ത അഭിനാഷിനെ കോടതി റിമാൻഡ് ചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു.
2018 ഫെബ്രുവരി 12 നാണ് കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ആയിരുന്ന ഷുഹൈബ് അതിക്രൂരമായി സിപിഎം ഗൂഡാലോചനയില്‍ കൊല്ലപ്പെട്ടത്. കേരളത്തെ ആകെ ഞെട്ടിച്ച കേസിൽ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം 17 പേരാണ് പ്രതികളായുള്ളത്.