പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ദക്ഷിണമേഖലാ എ.ഡി.ജി.പിയായി മനോജ് എബ്രഹാം

Jaihind Webdesk
Wednesday, March 6, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. ദക്ഷിണമേഖലാ എഡിജിപിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. അനില്‍ കാന്ത് വിജിലന്‍സ് ഡയറക്ടറായി പോയ ഒഴിവിലാണ് നിയമനം. ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ ഉത്തരമേഖല എഡിജിപിയായും നിയമിച്ചിട്ടുണ്ട്. രാജേഷ് ദിവാന്‍ വിരമിച്ചശേഷം ഈ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു.
തൃശൂര്‍ റേഞ്ച് ഐജിയായിരുന്ന എംആര്‍ അജിത് കുമാറിനെ കണ്ണൂര്‍ റേഞ്ചിലേക്ക് മാറ്റി നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാദ്ധ്യായയാണ് പുതിയ തൃശൂര്‍ റേഞ്ച് ഐജി. അശോക് യാദവാണ് തിരുവനന്തപുരം റേഞ്ച് ഐജി. സഞ്ജയ് കുമാര്‍ ഗരുഡിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായും നിലവിലെ കമ്മീഷണര്‍ സുരേന്ദ്രനെ കൊച്ചി കമ്മീഷണറായും നിയമിച്ചു. എവി ജോര്‍ജ്ജാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍.
പൊലീസ് ഘടനയില്‍ മാറ്റം വരുത്താനുള്ള മന്ത്രിസഭാ യോഗതീരുമാനം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന ചുമതല ഒരു എഡിജിപിയുടെ കീഴിലേക്ക് മാറ്റാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ ഇക്കാര്യം മരവിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടികള്‍.