പൊലീസ് തലപ്പത്തെ ഘടനയിൽ മാറ്റം വരുത്തി സര്‍ക്കാര്‍. ക്രമസമാധാന ചുമതലയില്‍ എ.ഡി.ജി.പി തസ്തിക സൃഷ്ടിച്ചതാണ് പ്രധാന മാറ്റം. നാല് റേഞ്ച് ഡി.ഐ.ജിമാരെയും രണ്ട് മേഖലാ ഐ.ജിമാരെയും ക്രമസമാധാന ചുമതലയിൽ നിയമിക്കാനും തീരുമാനമായി.
നിലവിലെ ഉത്തര മേഖലാ എ.ഡി.ജി.പി, ദക്ഷിണ മേഖലാ എ.ഡി.ജി.പി തസ്തികകള്‍ ഐ.ജി റാങ്കിലേക്കും, തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ റേഞ്ച് ഐജിമാരുടെ തസ്തിക ഡി.ഐ.ജി റാങ്കിലേക്കും തരം താഴ്ത്തി. ഇതിനെതിരെ ഐ.പി.എസ് അസോസിയേഷനില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ അംഗീകരിച്ച തസ്തികകൾ വെട്ടിക്കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
മറ്റ് പ്രധാന മാറ്റങ്ങള്‍ ഇവയാണ്. അനിൽ കാന്തിനെ വിജിലൻസ് എ.ഡി.ജി.പിയായി നിയമിച്ചു. ഷെയ്ക്ക് ദെര്‍വേഷ് സാഹിബ് ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറി പോയ ഒഴിവിലേക്കാണ് അനിൽ കാന്തിന്റെ നിയമനം. നിലവിൽ മുഹമ്മദ് യാസിൻ വിജിലൻസ് ഡി.ജി.പി സ്ഥാനത്തുനിന്നും വിരമിച്ച ഒഴിവിൽ മറ്റാർക്കും ഇതുവരെ നിയമനം നൽകിയിട്ടില്ല.
51 ഡി.വൈ.എസ്.പിമാരെയും എ.സി.പിമാരെയും മാറ്റി നിയമിച്ചിട്ടുണ്ട്. കൊല്ലം ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി വിനോദിനെ നെടുമങ്ങാട് ഡി.വൈ.എസ്.പിയായും എ പ്രതാപ് കുമാറിനെ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറായും നിയമിച്ചു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പ്രഭുല്ലചന്ദ്രനെ കൊല്ലം എ.സിയായും സ്റ്റുവർട്ട് കീലറെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറായും മാറ്റി നിയമിച്ചു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണർ ദിൻ രാജിനെ കൊട്ടാരക്കര ഡി.വൈ.എസ്.പിയായും നിയമിച്ചിട്ടുണ്ട്.