ശ്രുതിയെ ചേര്‍ത്തുപിടിക്കണം; സര്‍ക്കാര്‍ ജോലി നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ കുടുംബാംഗങ്ങള്‍ നഷ്ടമായ ചൂരല്‍മല സ്വദേശിയായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കഠിനമായ പരീക്ഷണ ഘട്ടത്തിലൂടെ കടന്നുപോകുന്ന ശ്രുതിയെ എല്ലാവരും ചേര്‍ത്ത് പിടിക്കണം.ശ്രുതിയുടെ ഭാവി ജീവിതത്തിന് ഒരു ജോലി അനിവാര്യമാണ്. ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി.

ഉരുള്‍ ദുരന്തത്തില്‍ മാതാപിതാക്കളെയും ബന്ധുക്കളെയും നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സണ്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വയനാട് വെള്ളാരംകുന്നില്‍ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിന് സമീപത്തായിരുന്നു അപകടം.

ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും ശ്രുതിക്ക് നഷ്ടപ്പെട്ട്‌പ്പോള്‍ താങ്ങായി കൂടെയുണ്ടായിരുന്നത് ജെന്‍സന്‍ മാത്രമായിരുന്നു. ദീര്‍ഘനാളായി പ്രണയത്തില്‍ ആയിരുന്ന ജെന്‍സനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ച് ഒരു മാസത്തിനു ശേഷമാണ് തന്റെ പ്രയപ്പെട്ടവരെ കവര്‍ന്നെടുത്ത് ഉരുള്‍ ഒലിച്ചിറങ്ങിയത്. ഡിസംബറില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം.

 

Comments (0)
Add Comment