ശ്രീറാം വെങ്കിട്ടരാമനെ സർവീസില്‍ തിരിച്ചെടുത്തു : നിയമനം ആരോഗ്യവകുപ്പില്‍; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല

Jaihind News Bureau
Sunday, March 22, 2020

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്പെന്‍ഷനിലായിരുന്ന ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ സർവീസില്‍ തിരിച്ചെടുത്തു. ആരോഗ്യവകുപ്പിലാണ് പുതിയ നിയമനം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

2019 ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീർ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീംറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ടത്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തുടർന്ന്​ അറസ്​റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ ആറ്​ മാസത്തേക്ക്​ സസ്​പെൻഡ്​ ചെയ്​തു. സസ്‌പെൻഷൻ പിന്നീട്​ മൂന്ന്​ മാസത്തേക്ക്​ കൂടി നീട്ടിയിരുന്നു. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ സസ്പെൻഡ് ചെയ്തത്.

എന്നാല്‍ അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്താണ് കാറോടിച്ചിരുന്നതെന്നായിരുന്നു ശ്രീറാമിന്‍റെ നിലപാട്. ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണവും ഇത്തരത്തിലായിരുന്നു. അപകടസമയത്ത് മദ്യപിച്ചിരുന്നെന്ന ആരോപണവും നിഷേധിച്ചു. കാറിന്‍റെ ഉടമയും അപകട സമയത്ത് കൂടെ സഞ്ചരിക്കുകയും ചെയ്ത വഫ ഫിറോസാണ് കേസിലെ രണ്ടാം പ്രതി.