ഇന്ത്യക്കാരാണെന്ന് കാണിച്ചുകൊടുക്കൂ… രാജ്യത്ത് വിദ്വേഷം പടർത്തുന്ന മോദിക്കും ഷായ്ക്കുമെതിരായ പ്രതിഷേധത്തില്‍ എന്നോടൊപ്പം അണിചേരൂ : രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, December 23, 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് രാജ്ഘട്ടില്‍ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് മൂന്ന് മണി മുതല്‍ മഹാത്മാ ഗാന്ധിയുടെ അന്ത‌്യവിശ്രമ സ്ഥലമായ രാജ്ഘട്ടിലാണ് പ്രതിഷേധ പരിപാടി.

ഇന്ത്യക്കാരാണെന്ന് കാണിച്ചുകൊടുക്കാനുള്ള സമയമാണിതെന്നും രാജ്യത്ത് വിദ്വേഷം പടർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരായ പോരാട്ടത്തില്‍ തനിക്കൊപ്പം അണിചേരാനും രാഹുല്‍ ഗാന്ധി വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

‘പ്രിയപ്പെട്ട വിദ്യാർഥികളേ, ഇന്ത്യയിലെ യുവാക്കളേ, ഇന്ത്യക്കാരനെന്നു തോന്നിയാൽ മാത്രം മതിയാകില്ല. ഇതുപോലുള്ള സമയങ്ങളിൽ നിങ്ങൾ ഇന്ത്യക്കാരനാണെന്നും വിദ്വേഷത്താൽ ഇന്ത്യയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും കാണിച്ചുകൊടുക്കണം. രാജ്യത്ത് വിദ്വേഷവും അക്രമവും അഴിച്ചുവിടുന്ന മോദിക്കും അമിത് ഷായ്ക്കും എതിരായ പ്രതിഷേധത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് രാജ്ഘട്ടിൽ എന്നോടൊപ്പം അണിചേരുക’ – രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി പോരാട്ടം ശക്തമാക്കുകയാണ് കോൺഗ്രസ്. ബി.ജെ.പി സർക്കാരിന്‍റെ ജനദ്രോഹപരമായ നയങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. സർക്കാരിന്‍റെ ഏകാധിപത്യ മനോഭാവം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനെതിരായ ശക്തമായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസ് ഇന്ന് രാജ്ഘട്ടിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.