ജോയ്‌സ് ജോര്‍ജിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം മാപ്പര്‍ഹിക്കാത്ത കുറ്റം ; ശക്തമായ നിയമനടപടി വേണമെന്ന് യുഡിഎഫ് വനിതാ സ്ഥാനാർത്ഥികള്‍

Jaihind Webdesk
Tuesday, March 30, 2021

തിരുവനന്തപുരം : മുന്‍ എംപി ജോയ്‌സ് ജോര്‍ജ്   രാഹുല്‍ ഗാന്ധിക്കെതിരെ  നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ യുഡിഎഫ് വനിതാ സ്ഥാനാർത്ഥികള്‍. സ്ത്രീവിരുദ്ധ പരാമർശം മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ജോയ്സിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും യു.ഡി.എഫ് വനിതാ സ്ഥാനാര്‍ത്ഥികള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സ്ത്രീശാക്തീകരണം പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരും സി.പി.എമ്മും സ്ത്രീകളെ നിരന്തരം അപമാനിക്കുകയാണ്. മന്ത്രി എം.എം മണി ഉള്‍പ്പെടെയുള്ളവരുടെ ആശിര്‍വാദത്തോടെയായിരുന്നു ഈ പരാമര്‍ശങ്ങളെന്നത് ആക്ഷേപത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പില്‍ സ്ത്രീകളടക്കമുള്ളവര്‍ ശക്തമായി പ്രതികരിക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട. രാജ്യത്തിന്‍റെ മതനിരപേക്ഷതയ്ക്കും സ്ത്രീശാക്തീകരണത്തിനും വേണ്ടി വാദിക്കുന്ന നേതാവാണ്  രാഹുല്‍ ഗാന്ധി. സങ്കോചങ്ങളില്ലാതെ ആര്‍ക്കും ഇടപെടാവുന്ന വ്യക്തിയാണ് അദ്ദേഹം. രാജ്യത്തെ സാധാരണക്കാര്‍ക്കിടയില്‍, കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമിടയില്‍, സ്ത്രീപുരുഷ ഭേദമില്ലാതെ ഇറങ്ങിച്ചെല്ലുന്ന നേതാവാണ് അദ്ദേഹം. കേവലമായ രാഷ്ട്രീയ അഭിപ്രായ ഭിന്നതകള്‍ മൂലം രാഹുല്‍ ഗാന്ധിയെപ്പോലൊരാള്‍ക്കെതിരേ അശ്ലീല പരാമര്‍ശം നടത്തുന്നത് അദ്ദേഹത്തെ മാത്രമല്ല  മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്നതാണ്. എന്തു ചെയ്യണം എന്തു ചെയ്യേണ്ട എന്നതിനെക്കുറിച്ച് ബോധ്യമുള്ളവരാണ് സ്ത്രീകള്‍. അവര്‍ക്ക് സദാചാര ക്ലാസ് എടുക്കാന്‍ ജോയ്‌സ് ജോര്‍ജെന്നല്ല, ഒരാളും മുതിരേണ്ടതില്ലെന്നും സ്ഥാനാർത്ഥികള്‍ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.

ജോയ്‌സ് ജോര്‍ജിന്‍റെ അശ്ലീല പരാമര്‍ശത്തിന് കുലുങ്ങിച്ചിരിച്ച് അംഗീകാരം നല്‍കുകയാണ് സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രിമാരില്‍ ഒരാളായ എം.എം മണി. ഇതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. സ്ത്രീ തൊഴിലാളിക്കെതിരെ നേരത്തെ അശ്ലീല പരാമര്‍ശം നടത്തിയ വ്യക്തിയാണ് എംഎം മണി. അതില്‍ ഖേദം പോലും ഇതുവരെ അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല.
സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്ന ഇടതുപക്ഷം സമ്പൂര്‍ണ സ്ത്രീവിരുദ്ധമായി അധപതിച്ചതിന്‍റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ജോയ്‌സ് ജോര്‍ജിന്‍റെ  സ്ത്രീവിരുദ്ധവും സംസ്‌കാര ശൂന്യമായ പ്രസ്താവന. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി നല്‍കാത്തതുതൊട്ട്  സിപിഎം കൊലക്കത്തിക്കിരയാക്കപ്പെട്ട ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ രമയ്‌ക്കെതിരേയുള്ള അധിക്ഷേപം വരെ അത് നീളുന്നു. ജോയ്‌സ് ജോര്‍ജിനെതിരെ  ശക്തമായ നിയമനടപടി വേണമെന്നും സംയുക്ത പ്രസ്താവനയില്‍ യുഡിഎഫ് വനിതാ സ്ഥാനാർത്ഥികള്‍ ആവശ്യപ്പെട്ടു.