‘തെരഞ്ഞെടുപ്പ് റാലികള്‍ നടന്നപ്പോള്‍ അന്യഗ്രഹത്തിലായിരുന്നോ ? നിങ്ങള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണ്’ തെരഞ്ഞെടുപ്പ് കമ്മീഷനെ നിർത്തിപ്പൊരിച്ച് മദ്രാസ് ഹൈക്കോടതി

Jaihind Webdesk
Monday, April 26, 2021

ചെന്നൈ : കൊവിഡിന്‍റെ അതിതീവ്ര വ്യാപനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്നത് തടയാന്‍ കഴിയാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷനാണ് കൊവിഡ് രണ്ടാം തരംഗത്തിന്‍റെ ഉത്തരവാദിയെന്ന് കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കോടതി നിരീക്ഷിച്ചു.

കൂറ്റന് തെരഞ്ഞെടുപ്പ് റാലികള്‍ നടക്കുമ്പോള്‍ നിങ്ങള്‍ അന്യഗ്രഹത്തിലായിരുന്നോയെന്നും കൊവിഡ് വ്യാപനം നടക്കാതിരിക്കാന്‍ എന്തു നടപടിയാണ് നിങ്ങള്‍ സ്വീകരിച്ചതെന്നും കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സജിബ് ബാനര്‍ജിയാണ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. പൗരന്‍റെ സംരക്ഷണം ഉറപ്പാക്കുമ്പോള്‍ മാത്രമേ  ജനാധിപത്യ റിപ്പബ്ലിക്ക് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ആസ്വദിക്കാന്‍ കഴിയൂ. ജീവന്‍റെ സംരക്ഷണമാണ് പരമപ്രധാനം. ബാക്കി എല്ലാം അതിന് ശേഷമുള്ള കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യം പരമപ്രധാനമാണെന്നും ഇത് ഓര്‍മപ്പെടുത്തേണ്ടിവരുന്നത് സങ്കടകരമാണെന്നും കോടതി പറഞ്ഞു.

കൊവിഡ്  പ്രോട്ടോക്കോള്‍  ഉറപ്പാക്കിയില്ലെങ്കില്‍ മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണല്‍ തടയേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. വോട്ടെണ്ണല്‍ ദിനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയെന്നതില്‍  ഈ മാസം 30 ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനും തമിഴ്‌നാട് മുഖ്യ തെഞ്ഞെടുപ്പ് ഓഫീസറോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു.