പാലക്കാട് സിനിമാ സെറ്റ് ആക്രമിച്ച കേസില്‍ 5 ബിജെപി പ്രവർത്തകർ പിടിയില്‍

Jaihind Webdesk
Saturday, April 10, 2021

 

പാലക്കാട്: പാലക്കാട് സിനിമാ സെറ്റ് ആക്രമിച്ച കേസില്‍ 5 ബിജെപി പ്രവർത്തകർ പിടിയില്‍. ഹിന്ദു-മുസ്ലീം പ്രണയകഥ പ്രമേയമാക്കിയ സിനിമാ ചിത്രീകരണം തടഞ്ഞ സംഭവത്തിൽ അഞ്ചുപേരെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യൻ, ബാബു, ശ്രീജിത്ത്, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവർ ബിജെപി അനുഭാവികൾ ആണെന്ന് പൊലീസ് പറഞ്ഞു. അതിക്രമിച്ച് കടക്കൽ, നിയമ വിരുദ്ധമായി സംഘം ചേരൽ , അക്രമം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. സിനിമയുടെ അണിയറപ്രവർത്തകരുടെ പരാതിയെ തുടർന്നാണ് നടപടി.

ശനിയാഴ്ച രാവിലെയാണ് പാലക്കാട് കടമ്പഴിപ്പുറത്തിനടുത്ത് വായില്ല്യാംകുന്ന് ക്ഷേത്രപരിസരത്ത് സംഭവം. നീയാ നദി എന്ന സിനിമയുടെ ചിത്രീകരണമാണ് ഒരുകൂട്ടം ആളുകൾ തടസ്സപ്പെടുത്തിയത്. സിനിമാ ചിത്രീകരണത്തിന് എതിരെ ഇവർ സാമൂഹ്യ മാധ്യമങ്ങളിലും പ്രചാരണം നടത്തിയിരുന്നു. ഹിന്ദു മുസ്ലിം പ്രണയ കഥ പ്രമേയമാക്കിയ ചിത്രത്തിന് ഒരിടത്തും ചിത്രീകരിക്കാൻ അനുമതി നൽകില്ലെന്ന് ഇവർ ഉൾപ്പടെയുള്ള പ്രവർത്തകർ ഭീഷണി മുഴക്കിയതായി അണിയറക്കർ പറഞ്ഞു.ചിത്രീകരണ സംഘത്തിലുള്ള കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്.