കാറിന്റെ ബോണറ്റിന് മുകളില്‍ ആളുമായി കിലോമീറ്ററുകള്‍ ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ഗാസിയാബാദിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീഡിയോ പുറത്ത് വിട്ട വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ബുധനാഴ്ച രാവിലെ 11 മണിയോടെ കനവാണി പാലത്തിന് സമീപമായിരുന്നു സംഭവം.
നോയിഡയിലെ ഗൌതം ബുദ്ധ നഗര്‍ സ്വദേശിയായ വീര്ബന് സിംഗ് ആണ് അപകടകരമാം വിധം കാറിന്റെ ബോണറ്റില്‍ കുടുങ്ങിയത്. അദ്ദേഹത്തിന്റെ ടാറ്റാ സെസ്റ്റിന് പിന്നില്‍ ഡല്‍ഹി സ്വദേശിയായ രോഹന് മിത്തലിന്റെ ഐ10 കാര്‍ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
അപകടത്തെ ചോദ്യം ചെയ്ത സിംഗുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടെ മിത്തല്‍ വാഹനവുമായി കടന്നു കളയാന്‍ ശ്രമിച്ചു. ഇതോടെ രോക്ഷാകുലനായ സിംഗ് വാഹനം തടയാനായി കാറിന് മുന്നിലേയ്ക്ക് നീങ്ങി. എന്നാല്‍ ആക്സിലറേറ്റര്‍ കൊടുത്തു മിത്തല്‍ വണ്ടിയുമായി മുന്നോട്ട് നീങ്ങിയതോടെ സിംഗ് കാറിന്റെ ബോണറ്റിലേയ്ക്ക് വീഴുകയായിരുന്നു. ബോണറ്റില്‍ തൂങ്ങിക്കിടന്ന സിംഗിനെയും കൊണ്ട് വാഹനം അതിവേഗത്തില്‍ മുന്നോട്ട് നീങ്ങുന്നതാണ് പിന്നീടെല്ലാവരും കണ്ടത്. ഒന്നര കിലോമീറ്ററിലേറെ ദൂരം വാഹനം ഓടിച്ചു പോയെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
രോഹന് മിത്തലിനെ പിന്നീട് ഇന്ദിരാപുരം പൊലീസ് പിടികൂടി.
അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍, കൊലപാതക ശ്രമം, നാശനഷ്ടം വരുത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇന്ദിരാപുരം പൊലീസ് ഐപിസി 279, 307, 427 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് മിത്തലിനെ അറസ്റ്റ് ചെയ്തു.