ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ആറ് ദിവസത്തേയ്ക്ക് കൂടി നീട്ടി ; നിർണായക വിവരങ്ങള്‍ ഇ.ഡി കോടതിയിൽ സമർപ്പിച്ചു

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ആറ് ദിവസത്തേയ്ക്ക് കൂടി നീട്ടി. ശിവശങ്കറിനെതിരായ നിർണായക വിവരങ്ങളും ഇ.ഡി കോടതിയിൽ സമർപ്പിച്ചു. നിലവിൽ എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലുള്ള ശിവശങ്കർ ചോദ്യം ചെയ്യലിനോട് പൂർണ്ണമായും സഹകരിച്ചില്ലെന്നും വിശദമായ അന്വേഷണങ്ങള്‍ക്കായി ശിവശങ്കറിനെ ഇനിയും കസ്റ്റഡിയില്‍ വിട്ടുകിട്ടേണ്ടതുണ്ടെന്നും ഇ.ഡി . ഇതിന്‍റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി കസ്റ്റഡി കാലാവധി 6 ദിവസം കൂടി നീട്ടി നല്‍കിയത്.

ഈ മാസം പതിനൊന്നിന് ശിവശങ്കറിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ശിവശങ്കറിനെതിരെ ഗുരുതമായ ചില വിവരങ്ങൾ ഇന്ന് ഇ.ഡി ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. ലൈഫ് മിഷന് ലഭിച്ച കമ്മീഷനും സ്വര്‍ണക്കടത്തിലൂടെ പണമുണ്ടാക്കിയതും തമ്മില്‍ ബന്ധമുണ്ട്. ലൈഫ് മിഷന്‍റെയും കെ ഫോണിന്‍റെയും രഹസ്യവിവരങ്ങള്‍ സ്വപ്നയുമായി ശിവശങ്കര്‍ പങ്കുവെച്ചു. ലൈഫ് മിഷനിലെ രഹസ്യരേഖകള്‍ ശിവശങ്കര്‍ വാട്‌സ്‌ആപ്പ് വഴി സ്വപ്നയ്ക്ക് കൈമാറി. പദ്ധതി വിവരങ്ങള്‍ സ്വപ്നയുമായി പങ്കുവച്ചത് യൂണിടാക്കിന് വേണ്ടിയാണ്. വാട്‌സ്‌ആപ്പ് ചാറ്റുകള്‍ ഇതിന് തെളിവാണെന്നും എന്‍ഫോഴ്‌സ്‌മെന്‍റ് കോടതിയില്‍ വ്യക്തമാക്കി. കേസ് അന്വേഷണം വഴി തെറ്റിക്കാൻ ശിവശങ്കർ ശ്രമിക്കുകയാണെന്നും കോൺസുലേറ്റിലെ ഫിനാൻസ് മേധാവി ഖാലിദുമായി അടുപ്പമുണ്ടെന്ന കാര്യം ശിവശങ്കർ ആദ്യം നിഷേധിച്ചെന്നും പിന്നീട് ഖാലിദിനെ അറിയാമെന്ന് സമ്മതിച്ചതായും ഇഡി അറിയിച്ചു.

യൂണിടാകിൽ നിന്ന് പണം കൈപ്പറ്റിയ ഖാലിദുമായി ശിവശങ്കറിന്‍റെ ബന്ധം അന്വേഷിക്കണമെന്നും ഇ.ഡി കോടതിയിൽ പറഞ്ഞു. എന്നാല്‍ ലൈഫ് മിഷന് ഇഡിയുടെ കേസുമായി ബന്ധമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്‍റ് നടപടിയില്‍ തനിക്ക് പരാതികള്‍ ഇല്ലെന്നും ശിവശങ്കറിന് വേണ്ടി അഭിഭാഷകന്‍ കേടതിയില്‍ വ്യക്തമാക്കി. അതേസമയം കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനൊപ്പം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി  നടപടികള്‍ ആരംഭിച്ചു. നാളെ ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് ഇ.ഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Comments (0)
Add Comment