ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ ; എതിര്‍ക്കാന്‍ ഇഡിയും കസ്റ്റംസും, നിർണായകം

Jaihind News Bureau
Friday, October 23, 2020

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍. ശക്തമായി എതിര്‍ക്കാന്‍ ഇഡിയും കസ്റ്റംസും. അറസ്റ്റ് സംബന്ധിച്ച് തീരുമാനം കോടതി വിധിക്ക് ശേഷം. സംസ്ഥാന സർക്കാരിനെ പിടിച്ചുകുലുക്കിയ സ്വർണക്കടത്ത് അന്വേഷണം ഏറ്റവും നിർണായക ഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ന് ഹൈക്കോടതി ശിവശങ്കറിന്‍റെ  ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ശിവശങ്കർ ആശുപത്രിയിൽ ചികിത്സ തേടിയത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്ന വാദം കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു. ഈ വാദം ശരിവയ്ക്കുന്ന രേഖകൾ കസ്റ്റംസ് കോടതിയിൽ ഹാജരാക്കിയാൽ ശിവശങ്കർ പ്രതിരോധത്തിലാവും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത  ശിവശങ്കർ തലസ്ഥാനത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കേസുമായി ബന്ധപ്പെട്ട് നടന്ന കൂടിക്കാഴ്ചയെ പറ്റിയും ഡോളർ കടത്തിനെപ്പറ്റിയും നിർണായക വിവരങ്ങൾ ഇ.ഡിക്കും കസ്റ്റംസിനും എം ശിവശങ്കറിൽ നിന്ന് ശേഖരിക്കാനുണ്ട്. ഈ നീക്കം മുന്നിൽകണ്ടാണ് രോഗം ഇല്ലാതെയുള്ള ശിവശങ്കറിന്‍റെ ആശുപത്രിവാസം എന്നാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തൽ. കോടതി വിധി  ശിവശങ്കറിന് പ്രതികൂലമായാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ കസ്റ്റംസും ഇ.ഡിയും ഒരുങ്ങിക്കഴിഞ്ഞു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്നയുടെ ക്രിമിനൽ പശ്ചാത്തലം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന മൊഴി നിലനിൽക്കുമ്പോൾ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയിലാണ് സി.പി.എമ്മും സർക്കാരുമുള്ളത്.