6 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അറസ്റ്റ് ; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 

കൊച്ചി: എന്‍ഫോഴ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത എം.ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊച്ചിയിലെത്തിച്ച് ആറുമണിക്കൂര്‍ ചോദ്യംചെയ്ത ശേഷം രാത്രി 9 മണിയോടെയായിരുന്നു ശിവശങ്കറിന്‍റെ അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് എന്നിങ്ങനെ 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വരുമെന്ന് എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും നേരത്തെ  വ്യക്തമാക്കിയിരുന്നു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ഇഡി ഇക്കാര്യം ഹൈക്കോടതിയിലും ബോധിപ്പിച്ചു. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും ശിവശങ്കറിനെതിരെ ഗൗരവകരമായ നീരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തതോടെ അന്വേഷണ സംഘം വേഗത്തില്‍ നീക്കങ്ങള്‍ നടത്തുകയായിരുന്നു.

ചെന്നൈയില്‍ നിന്നെത്തിയ ഇഡി സ്പെഷ്യല്‍ ഡയറക്ടര്‍ ശുശീല്‍ കുമാറിന്റെയും, ജോയിന്‍ ഡയറക്ടര്‍ ഗണേഷ് കുമാറിന്റെയും സാനിധ്യത്തിലായിരുന്നു അറസ്റ്റ്. നിയമനടപടികള്‍ കൃതൃമാക്കാനായി പ്രോസിക്യൂട്ടറെയും, ശിവശങ്കറിന്റെ ബന്ധുവിനെയും ഇഡി വിളിച്ചുവരുത്തിയിരുന്നു. അറസ്റ്റിനു പിന്നാലെ രാത്രിതന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി.

Comments (0)
Add Comment