വ്യാജ പീഡന പരാതിക്കേസിലും ശിവശങ്കർ സഹായിച്ചു; പുതിയ വെളിപ്പെടുത്തലുമായി സ്വപ്ന

Jaihind Webdesk
Thursday, February 10, 2022

 

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ പുതിയ വെളിപ്പെടുത്തലുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പീഡന പരാതിക്കേസിലും ശിവശങ്കർ സഹായിച്ചെന്ന് സ്വപ്ന വെളിപ്പെടുത്തി. കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയായിരുന്നു സ്വപ്നയുടെ പ്രതികരണം.

”കുറ്റപത്രം പ്രതികരിച്ചതിന്‍റെ മറുപടി ആയിരിക്കാം. ശിവശങ്കർ തനിക്കെതിരെ നടത്തിയ തെറ്റായ കാര്യങ്ങളിലാണ് പ്രതികരിച്ചത്. പുസ്തകത്തിലെ വ്യാജമായ കാര്യങ്ങളെക്കുറിച്ചാണ് താൻ പറഞ്ഞത്. സത്യം പറയുമ്പോൾ വരുന്ന റിയാക്ഷൻ ആയിരിക്കാം. കുറ്റപത്രത്തെ ഒരു ആക്രമണമായി കാണുന്നു. ശിവശങ്കറിന്‍റെ അധികാരം ഉപയോഗിച്ച് ആക്രമിക്കാനുള്ള ശ്രമമാകാം. സർക്കാർ ശിവശങ്കറിനൊപ്പം നിൽക്കുന്നുണ്ടോയെന്നത് തന്‍റെ പ്രശ്നമല്ല. ഒരു ആക്രമണം, മരണം അല്ലെങ്കിൽ ജയിൽ ഇതിലൊന്ന് പ്രതീക്ഷിക്കുന്നു. എല്ലാറ്റിനെയും നേരിടും. വരുന്നിടത്തു വെച്ച് കാണാം” – സ്വപ്ന പറഞ്ഞു.

എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുറ്റപത്രമെന്നാണ് ശ്രദ്ധേയം. 2016 ൽ അന്വേഷണം തുടങ്ങിയ കേസിൽ ഇപ്പോഴാണ് കുറ്റപത്രം നൽകുന്നത്. എച്ച്ആർ മാനേജറായിരുന്ന സ്വപ്ന സുരേഷാണ് വ്യാജ പരാതിയുണ്ടാക്കിയതെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു.സ്വപ്ന സുരേഷും ബിനോയ് ജേക്കബുമടക്കം പത്ത് പ്രതികൾക്കതിരെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.

കേസിൽ എയർ ഇന്ത്യ സാറ്റ്സ് വൈസ് ചെയർമാൻ ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. എയ‍ർ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെയും ക്രൈം ബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ വ്യാജപരാതിയുണ്ടാക്കാൻ അന്വേഷണ സമിതി കൂട്ടുനിന്നുവെന്ന് കണ്ടെത്തൽ. പോലീസ് ആദ്യം എഴുതിത്തള്ളിയ കേസിലാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ കുറ്റപത്രം നൽകിയത്.