സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളിലൊന്ന് ഉപയോഗിക്കുന്നത് ശിവശങ്കർ

Jaihind News Bureau
Friday, October 30, 2020

 

ലൈഫ് മിഷനിലെ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണ കരാർ ലഭിക്കാനായി യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്നയുടെ നിർദേശപ്രകാരം വാങ്ങി നല്‍കിയ ഐ ഫോണുകളിലൊന്ന് ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ. ഉപയോഗിക്കുന്ന ഫോണുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ശിവശങ്കർ എഴുതി നല്‍കിയ മൊഴിയിലെ ഐ.എം.ഇ.ഐ നമ്പരും ഹൈക്കോടതിയില്‍ യുണിടാക് കമ്പനി സമർപ്പിച്ച ഇന്‍വോയ്സിലെ ഐ.എം.ഇ.ഐ നമ്പരും ഒന്നാണ്.

ലൈഫ് പദ്ധതിയുടെ നിർമാണ കരാർ ലഭിക്കാനായി കോടികള്‍ കമ്മീഷനായി നിശ്ചയിച്ചതിന് പുറമെ ഐ ഫോണുകളും സ്വപ്ന ചോദിച്ചുവാങ്ങിയതായി യുണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ശിവശങ്കർ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പരുകള്‍ ഇ.ഡി കോടതിയില്‍ സമർപ്പിച്ചപ്പോഴാണ് ഇതില്‍ ഒന്ന് സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയതാണെന്ന് വ്യക്തമായത്.

യുണിടാക് കമ്പനി ഹൈക്കോടതിയില്‍ ഹൈക്കോടതിയില്‍ സമർപ്പിച്ച ഇന്‍വോയ്സിലെ ഐ ഫോണ്‍ 11 പ്രോ 64 ജി.ബി മോഡലിന്‍റെ സീരിയല്‍ നമ്പർ 353842100722295 ആണ്. ഇതുതന്നയാണ് ശിവശങ്കർ ഇ.ഡിക്ക് എഴുതി നല്‍കിയിരിക്കുന്നതും. 99,90,000 രൂപയാണ് ഈ മോഡലിന്‍റെ വില. അതേസമയം എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുള്ള ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരും.