ബി.ജെ.പിയെ വെട്ടിലാക്കി ശിവസേന; ശരത്പവാറുമായി ചര്‍ച്ച നടത്തി; ശിവസേന എം.എല്‍.എമാരെ റാഞ്ചാന്‍ ബി.ജെ.പി

Jaihind Webdesk
Friday, November 1, 2019

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപി-ശിവസേന ചര്‍ച്ചകള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ ബിജെപിയെ ആശങ്കയിലാക്കി ശിവസേനയുടെ നീക്കം. ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്‍സിപി നേതാവ് ശരദ് പവാറുമായി ചര്‍ച്ച നടത്തി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെങ്കില്‍ ബദല്‍ സാധ്യത പരിശോധിക്കുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.
ശിവസൈനികന്‍ മുഖ്യമന്ത്രിയാകുന്നതു കാണാനാണ് ആഗ്രഹമെന്നും കോണ്‍ഗ്രസും എന്‍സിപിയുമായും സമ്പര്‍ക്കത്തിലാണെന്നും നിയമസഭാകക്ഷി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വെളിപ്പെടുത്തി. ദീപാവലിയുടെ ഭാഗമായുള്ള സൗഹൃദ സന്ദര്‍ശനം മാത്രമാണിതെന്നാണ് സഞ്ജയ് റാവത്തിന്റെ വിശദീകരണം. ഈ ആഴ്ച ആദ്യം പാര്‍ട്ടി നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യറായിയെ സന്ദര്‍ശിച്ചിരുന്നു. ഇതും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നാണ് ശിവസേന വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് ഉദ്ദവ് താക്കറേയുടെ മകന്‍ ആദിത്യ താക്കറെ ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനം കര്‍ഷക പ്രശ്‌നവുമായി ബന്ധപ്പെട്ടാണെന്നാണ് ആദിത്യ താക്കറെയുടെ വിശദീകരണം. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനൊപ്പം പ്രതിപക്ഷസ്ഥാനത്തിരിക്കാനാണ് താല്‍പ്പര്യമെന്ന് എന്‍സിപി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ശിവസേനയുടെ എം.എല്‍.എമാരില്‍ ചിലരെ കൂടെക്കൂട്ടി സമ്മര്‍ദ്ദം ശക്തമാക്കാനാണ് ബി.ജെ.പിയുടെ നീക്കം. ഇതിനുള്ള വിലപേശലുകള്‍ ആരംഭിച്ചിട്ടുള്ളതിനാല്‍ ശിവസേന തങ്ങളുടെ എം.എല്‍.എമാരില്‍ കര്‍ശന നിരീക്ഷണത്തിലാണ്.